കല്യാണം കഴിഞ്ഞിട്ട് കുറച്ചായില്ലേ? വിശേഷമൊന്നും ഇല്ലേ? ആർക്കാ പ്രശ്നം ?

Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (14:56 IST)
കല്യാണം കഴിഞ്ഞാൽ മാസങ്ങൾ കഴിയുമ്പോൾ മുതൽ കേട്ട് തുടങ്ങുന്ന ചോദ്യമാണ് ‘വിശേഷമൊന്നുമില്ലേ?’ എന്ന്. പൊതുവേ ഒരു വർഷം കഴിഞ്ഞാലാണ് ഒരു ആചാരമെന്ന രീതിക്ക് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ, ചിലർക്ക് 1 വർഷം പോലും തികയണ്ട, അതിനു മുന്നേ ചോദിച്ച് തുടങ്ങും.

കല്യാണം കഴിഞ്ഞ് വർഷം ഒന്നായിട്ടും കുട്ടികൾ ആയിട്ടില്ലെങ്കിൽ പിന്നെ നാട്ടുകാരുടെ വക ഉപദേശമാണ്. കാണുന്നവരും വിളിക്കുന്നവരും മുഴുവൻ ചോദിക്കാൻ തുടങ്ങും, ആർക്കാ പ്രശ്നം? നിനക്കോ അവനോ? ഡോക്ടറെ കണ്ടോ? ‘കുഴപ്പ’മൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ ഏത് ഡോക്ടറെ കാണിക്കണം എന്നു വരെ നീളും ഇത്തരക്കാരുടെ ഉപദേശങ്ങൾ.

ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമ്മ ദമ്പതികളും മാനസികാവസ്ഥ ഭീകരമാണ്. അതിൽ തന്നെ കുട്ടികൾ ഉണ്ടാകുന്നതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ പറയുകയേ വേണ്ട. കല്യാണം കഴിഞ്ഞ് പെട്ടന്ന് തന്നെ കുട്ടികൾ ഉണ്ടായില്ല എങ്കിൽ അത് തന്റെ പ്രശ്നം ആണോയെന്ന ചിന്ത ആ ദമ്പതിമാർക്കിടയിൽ വളർത്താനേ ഇത്തരക്കാരുടെ ചോദ്യങ്ങൾ കൊണ്ട് കഴിയൂ.

എപ്പോൾ കുഞ്ഞുങ്ങൾ ജനിക്കണമെന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ദമ്പതികളാണ്. മറ്റുള്ളവരും ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയിലാകരുത് ഒരു കുഞ്ഞിന്റെ ജനനം. കുട്ടികള്‍ വേണമെന്നുള്ളവര്‍ സ്വയം തീരുമാനിക്കട്ടെ എപ്പോള്‍ വേണമെന്ന്. എങ്കിലേ, സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതം കെട്ടിപ്പെടുത്താൻ കഴിയുകയുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :