'മണിപ്പൂരും ചര്‍ച്ചയാകും'; വോട്ടെടുപ്പ് ദിവസം ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാട് പരാമര്‍ശിച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത്

മണിപ്പൂര്‍ ആശങ്കകള്‍ കേന്ദ്ര സഹമന്ത്രിയെ അടക്കം അറിയിച്ചിട്ടുണ്ട്

WEBDUNIA| Last Modified വെള്ളി, 26 ഏപ്രില്‍ 2024 (09:56 IST)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരും ചര്‍ച്ചയാകുമെന്ന് തൃശൂര്‍ അതിരൂപതാ ബിഷപ് മാര്‍.ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരായി അക്രമങ്ങള്‍ നടന്നപ്പോള്‍ ബിജെപി സര്‍ക്കാര്‍ നിശബ്ദരായി നിന്നെന്ന് ക്രൈസ്തവ സമൂഹം ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ബിജെപി വിരുദ്ധ നിലപാട് പരോക്ഷമായി പരാമര്‍ശിച്ചിരിക്കുകയാണ് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്താ.

മണിപ്പൂര്‍ ആശങ്കകള്‍ കേന്ദ്ര സഹമന്ത്രിയെ അടക്കം അറിയിച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ ഇടപെടണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. മണിപ്പൂര്‍ സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഭരണഘടനയെ സംരക്ഷിക്കാനുള്ള വോട്ടെടുപ്പാണ് ഇത്തവണത്തേതെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ്. ക്രൈസ്തവ വോട്ടുകള്‍ ഏറെ നിര്‍ണായകമായതിനാല്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന വരും മണിക്കൂറുകളില്‍ ഏറെ ചര്‍ച്ചയാകും. തൃശൂര്‍ അതിരൂപതയുടെ ബിജെപി വിരുദ്ധ നിലപാട് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫും യുഡിഎഫും കരുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :