എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 23 ഏപ്രില്‍ 2024 (20:40 IST)
തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പോളിങ് ബൂത്തിലെത്തിയാല്‍ പോളിങ് ബൂത്തിലെ ആദ്യ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടര്‍ പട്ടികയിലെ സമ്മതിദായകന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിക്കും. ശേഷം രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും രജിസ്റ്ററില്‍(ഫോം 17-എ) ഒപ്പ് രേഖപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്യും.
തുടര്‍ന്ന് മൂന്നാമത്തെ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥന്‍ വോട്ടറുടെ സ്ലിപ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന് അടുത്തേക്ക്(ഇ.വി.എം) പോകാം.
ഇ.വി.എമ്മില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയുടെയോ/നോട്ടയുടെയോ നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. തുടര്‍ന്ന് ബട്ടണ്‍ അമര്‍ത്തിയ സ്ഥാനാര്‍ത്ഥിയുടെ പേരിനോ ചിഹ്നത്തിനോ
നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. സമ്മതിദായകന്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയുടെ/നോട്ടയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്റെ സുതാര്യമായ വിന്‍ഡോയില്‍ ഏഴ് സെക്കന്റ് ദൃശ്യമാവുകയും ചെയ്യും.
തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം കേള്‍ക്കാം. ഇത് സമ്മതിദായകന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു. പ്രിന്റ് ചെയ്ത സ്ലിപ്
വിവിപാറ്റ് മെഷീനില്‍ സുരക്ഷിതമായിരിക്കും. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയര്‍ന്ന ശബ്ദത്തിലുള്ള ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്.