അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (15:28 IST)
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെ ഉഷ്ണതരംഗ മുന്നറിയിപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നതിനൊപ്പം അടുത്ത ദിവസങ്ങളില്‍ താപനില 41 ഡിഗ്രി വരെ ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര
കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയത്.
അതീവമായ
ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രതപാലിക്കണം. സൂര്യാഘാതവും സൂര്യതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. അതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന പുറം ജോലികള്‍,കായിക വിനോദനങ്ങള്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂര്‍ണ്ണമായി നിര്‍ത്തുക. അത്യാവശ്യങ്ങള്‍ക്ക് മാത്രമായി പുറത്തിറങ്ങുക. ധാരാളം വെള്ളം കുടിക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍,ചായ,കാപ്പി എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്.