നീറ്റിന് പുതിയ മാറ്റങ്ങള്‍ വരുത്തി എന്‍ടിഎ, പരീക്ഷാ ദൈര്‍ഘ്യം 3.15 മണിക്കൂറും റഫ് വര്‍ക്കിന് നാല് പേജും
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പ്രഖ്യാപിച്ചു. പരീക്ഷ നീതിയുക്തവും സുരക്ഷിതവും ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതവുമാക്കുന്നതിനാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ഏജന്‍സി അറിയിച്ചു. ജൂണ്‍ 21 ന് നടക്കുന്ന നീറ്റ് പരീക്ഷ മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
പുതിയ മാറ്റങ്ങള്‍ അനുസരിച്ച് പരീക്ഷയുടെ ദൈര്‍ഘ്യം 195 മിനിറ്റായി (3.15 മണിക്കൂര്‍) പരിഷ്‌കരിച്ചു. ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5:15 വരെ പരീക്ഷ പുതുതായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ചോദ്യപേപ്പര്‍ ബുക്ക്ലെറ്റില്‍ റഫ് വര്‍ക്കിനായി നല്‍കുന്ന പേപ്പറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് രണ്ട് പേജായിരുന്നു. ഇപ്പോള്‍ അത് നാലാക്കി. കൂടാതെ ബുക്ക്ലെറ്റിന്റെ അവസാന പേജുകളിലെ റഫ് വര്‍ക്ക് പേജ് മുമ്പത്തേതില്‍ നിന്ന് മാറ്റി.
ഇപ്പോള്‍ നിര്‍ദ്ദേശ പേജിന് ശേഷം രണ്ട് റഫ് വര്‍ക്ക് പേജുകള്‍ കാണും ബാക്കി രണ്ട് പേജുകള്‍ ചോദ്യപേപ്പറിന്റെ അവസാനത്തിലായിരിക്കും. ഹാജര്‍ ഷീറ്റില്‍ ഒപ്പിടലും ഇന്‍വിജിലേഷന്‍ നടപടിക്രമങ്ങളും പരീക്ഷയ്ക്ക് മുമ്പ് തുടരും. പരീക്ഷാ പ്രക്രിയ കൂടുതല്‍ സുഖകരവും വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യവുമാക്കുക എന്നതാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് എന്‍ടിഎ പറഞ്ഞു.