E20 Janta Party: എന്താണ് 'ഇ20 ജനത പാർട്ടി'
'E20 Janta Party' എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്
E20 Janta Party: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ സമരത്തിനു നേതൃത്വം നൽകിയത് കോക്രോച്ച് ജനതാ പാർട്ടിയാണ്. ഒടുവിൽ സമരത്തെ തുടർന്ന് മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നു. ഇതേ രീതിയിലുള്ള ഒരു പ്രതിഷേധത്തിലേക്കാണ് 20 ശതമാനം എഥനോൾ അടങ്ങിയ ഇന്ധനമിശ്രിതം വ്യാപകമാക്കാനുള്ള കേന്ദ്ര തീരുമാനവും എത്തുന്നത്.
'E20 Janta Party' എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന ഇന്ധന മിശ്രിതം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെയുള്ള മുന്നേറ്റമാണ് ഈ പേജ് കൊണ്ട് അർത്ഥമാക്കുന്നത്. കോക്രോച്ച് ജനതാ പാർട്ടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'E20 Janata Party' രൂപീകരിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണം 2.39 ലക്ഷം കടന്നു. ഫോളോവേഴ്‌സ് മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. '100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി ഞങ്ങൾ പോരാടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വാഹനത്തിൽ ഉപയോഗിക്കേണ്ട ഇന്ധനം സ്വയം തിരഞ്ഞെടുക്കാൻ അവസരം നൽകണം' എന്നതാണ് ഈ പ്രചാരണത്തിന്റെ പ്രധാന ആവശ്യം. ഇതിനൊപ്പം 'ധർമേന്ദ്ര പ്രധാൻ കഴിഞ്ഞു... ഇനി നിതിൻ ഗഡ്കരി' എന്ന മുദ്രാവാക്യവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അഥവാ ഇ20 പെട്രോൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചുള്ള വാർത്തകളുമാണ് ആദ്യഘട്ടത്തിൽ ഇജെപി പോസ്റ്റ് ചെയ്തത്. 'ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി'തുടങ്ങിയ പോസ്റ്റുകൾ തൊട്ടുപിന്നാലെയെത്തി. എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അനിവാര്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജിവയ്ക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരിക്കുന്നത്.