ചതിച്ചോ കാലവർഷം? കേരളത്തിന് പൊള്ളുന്നു; വില്ലൻ എൽ-നിനോ
Kerala Weather
കാലവർഷത്തിലും സംസ്ഥാനം കടുത്ത ചൂടിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിൽ ഇന്നും നാളെയും താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത.
അന്തരീക്ഷ ഊഷ്മാവ് ഉയരുന്നു
താപനിലയേക്കാൾ അന്തരീക്ഷ ഊഷ്മാവ് അനുഭവപ്പെടുന്നതിനാൽ സംസ്ഥാനം പൊള്ളുകയാണ്. പകൽ സമയങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ചൂടെത്തുന്നു. തെക്ക് പടിഞ്ഞാറൻ മൺസൂൺ ഈ മാസം അവസാനത്തോടെയാണ് പിൻവാങ്ങുക. എന്നിട്ടും സംസ്ഥാനത്ത് മഴ ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.
പ്രതീക്ഷിച്ച മഴ ലഭിച്ചില്ല
ജൂൺ മുതൽ ഇതുവരെ 1769.9 മില്ലി മീറ്റർ മഴയാണ് കേരളത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലഭിച്ചത് 1369.6 മില്ലി മീറ്റർ മാത്രം.
കാരണം എൽ-നിനോ
എൽ-നിനോ പ്രതിഭാസമാണ് ഇപ്പോഴത്തെ മഴക്കുറവിന് കാരണം. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനില എൽ നിനോ കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. വളരെ ശക്തമായ എൽ നിനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെയും താപനിലയുടെയും സാധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകുകയും ചെയ്യാം. എന്നാൽ വളരെ ശക്തമായ എൽ നിനോ എല്ലായിടത്തും ഒരേ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കണമെന്നില്ല. അതോടൊപ്പം എൽ നിനോയുടെ ശക്തി മാത്രം ഒരു രാജ്യത്തോ പ്രദേശത്തോ ഉണ്ടാകുന്ന ആഘാതത്തിന്റെ തീവ്രത നിർണയിക്കുന്നില്ല. ഇതിന്റെ സ്വാധീനം പ്രദേശത്തിനും കാലാവസ്ഥാ സീസണിനും അനുസരിച്ച് വ്യത്യാസപ്പെടും. കൂടാതെ ഇന്ത്യൻ മഹാസമുദ്രം ( IOD) , അറ്റ്‌ലാന്റിക് മഹാസമുദ്രം തുടങ്ങിയ മേഖലകളിലെ മറ്റ് കാലാവസ്ഥാ ഘടകങ്ങൾ ചേർന്ന് ചില പ്രദേശങ്ങളിൽ എൽ നിനോയുടെ സ്വാധീനം ശക്തിപ്പെടുത്തുകയോ, ദുർബലപ്പെടുത്തുകയോ, വ്യത്യസ്തമാക്കുകയോ ചെയ്യാം. കേരളത്തിൽ എൽ നിനോ പ്രതിഭാസം ചൂട് ഉയരാൻ കാരണമായിട്ടുണ്ട്.
പ്രതീക്ഷ തുലാവർഷത്തിൽ
ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കാൻ സാധ്യതയുള്ള തുലാവർഷ മഴയിലാണ് ഇപ്പോൾ പ്രതീക്ഷ. അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും സംസ്ഥാനത്ത് തുലാവർഷത്തിൽ ഭേദപ്പെട്ട മഴ ലഭിച്ചേക്കും. Also Read: മുതിർന്ന നേതാവ് എം.എം.ഹസനെ കബളിപ്പിച്ച് രമ്യ ഹരിദാസ് !