Exclusive: മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ തീരുമാനിച്ച് കെ.സി.വേണുഗോപാൽ; ജയിച്ചാൽ വിശ്വസ്തനെ പിൻവലിച്ച് ഉപതിരഞ്ഞെടുപ്പ്?
ദേശീയ നേതൃത്വത്തിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചാണ് എ, ഐ ഗ്രൂപ്പുകളെ വേണുഗോപാൽ വെട്ടിയത്
Exclusive: കോൺഗ്രസിൽ പിടിമുറുക്കി കെ.സി.വേണുഗോപാൽ ഗ്രൂപ്പ്. എ, ഐ ഗ്രൂപ്പുകളെ വെട്ടി പാർട്ടിയെ പൂർണമായി പിടിച്ചെടുക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറിയായ വേണുഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ വേണുഗോപാൽ ഗ്രൂപ്പിനു കൂടുതൽ പ്രാതിനിധ്യം.
ദേശീയ നേതൃത്വത്തിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചാണ് എ, ഐ ഗ്രൂപ്പുകളെ വേണുഗോപാൽ വെട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാനാണ് വേണുഗോപാലിന്റെ കരുനീക്കം.
രമേശ് ചെന്നിത്തല (ഐ ഗ്രൂപ്പ്) നിർദേശിച്ച നേതാക്കൾക്കു നിയമസഭാ സീറ്റില്ല. ചെന്നിത്തലയുടെ വിശ്വസ്തരായ എ.എ.ഷുക്കൂർ, ബാബുപ്രസാദ്, ആർ.ചന്ദ്രശേഖർ, എൻ.സുബ്രഹ്‌മണ്യം, ജോസഫ് വാഴയ്ക്കൻ എന്നിവരെ അവസാന നിമിഷം വേണുഗോപാൽ വെട്ടി. എ ഗ്രൂപ്പിൽ നിന്നുള്ള സോണി സെബാസ്റ്റ്യൻ, ജെ.എസ്.അഖിൽ, റിങ്കു ചെറിയാൻ, ജെയ്‌സൺ ജോസഫ് എന്നിവർക്കും സീറ്റില്ല.
എംഎൽഎമാരുടെ പിന്തുണ നോക്കിയാകും തിരഞ്ഞെടുപ്പിനു ശേഷം എഐസിസി മുഖ്യമന്ത്രിയെ തീരുമാനിക്കുക. എംപിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാൽ വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. എംഎൽഎമാർ ആകുന്നതിൽ തന്റെ വിശ്വസ്തനായ ഒരാളെ നീക്കി അവിടെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനാണ് വേണുഗോപാലിന്റെ തീരുമാനം.