ഈശ ഗ്രാമോത്സവം: ഡിവിഷണൽ മത്സരങ്ങൾ എറണാകുളത്ത് ഓഗസ്റ്റ് 15 ന്
ഗ്രാമോത്സവത്തിന്റെ പങ്കാളിത്തത്തിൽ ഇത്തവണ വൻ വർധന
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ കായികമേളയായ ഈശ ഗ്രാമോത്സവത്തിലെ കേരളത്തിന്റെ പങ്കാളിത്തത്തിൽ വൻ വർധനവ്. ഇത് സംസ്ഥാനത്തെ കമ്മ്യൂണിറ്റി സ്‌പോർട്‌സിനോടുള്ള വർദ്ധിച്ചുവരുന്ന ആവേശം വ്യക്തമാക്കുന്നു. ഈ വർഷം ആയിരത്തിലധികം കളിക്കാരാണ് കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ അറുന്നൂറോളം കളിക്കാരിൽ നിന്നുള്ള ഈ വലിയ വർദ്ധനവ്, കേരളത്തിലെ ഗ്രാമീണ മേഖലകളിൽ ഈ കായിക മേളയ്ക്കുള്ള വർദ്ധിച്ചുവരുന്ന പ്രചാരത്തെയും സ്വാധീനത്തെയും എടുത്തു കാണിക്കുന്നു.
ക്ലസ്റ്റർ തല മത്സരങ്ങൾ, ഡിവിഷണൽ റൗണ്ടുകൾ, സെമിഫൈനലുകൾ, ഗ്രാൻഡ് ഫിനാലെ എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള ഫോർമാറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്. കേരളത്തിൽ ആഗസ്റ്റ് 1-2 തീയതികളിൽ ക്ലസ്റ്റർ മത്സരങ്ങളും തുടർന്ന് ആഗസ്റ്റ് 15-ന് എറണാകുളത്ത് ഡിവിഷണൽ റൗണ്ടും നടക്കും. കോലഞ്ചേരി സൈന്റ്‌റ് പീറ്റേഴ്‌സ് സ്‌കൂളാണ് മത്സര വേദി. യോഗ്യത നേടുന്ന ടീമുകൾക്ക് കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ പ്രശസ്തമായ ആദിയോഗിയുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 4 മുതൽ 6 വരെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കും.
പുരുഷന്മാർക്ക് വോളിബോളും സ്ത്രീകൾക്ക് ത്രോബോളും ഉൾപ്പെടുന്ന ടൂർണമെന്റിൽ ആകെ 1 കോടി രൂപയിലധികം സമ്മാനത്തുകയാണ് നൽകുന്നത്. ക്ലസ്റ്റർ തലത്തിൽ വിജയിക്കുന്ന ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 7,000 രൂപയും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 5,000 രൂപയും 3,000 രൂപയും ലഭിക്കും. ക്ലസ്റ്റർ തലത്തിൽ നിന്ന് യോഗ്യത നേടുന്ന ടീമുകൾ ഡിവിഷണൽ റൗണ്ടിലേക്ക് മുന്നേറും. അവിടെ വിജയികൾക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 6,000 രൂപയും നാലാം സ്ഥാനക്കാർക്ക് 4,000 രൂപയും ലഭിക്കും.
ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്ന വോളിബോൾ, ത്രോബോൾ ടീമുകൾക്ക് 5 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപ വീതവും ലഭിക്കും. മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 1 ലക്ഷം രൂപയും 50,000 രൂപയും ലഭിക്കും. പാരാലിമ്പിക് വിഭാഗത്തിനും പ്രത്യേകം സമ്മാനത്തുക മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും ഡിവിഷണൽ റൗണ്ടിലെ മികച്ച വനിതാ മത്സരാർത്ഥിക്ക് ഗ്രാവിറ്റൺ ഇ-ബൈക്ക് (Gravton E-bike) സമ്മാനമായി നൽകും.
യോഗിയും ആത്മീയ ഗുരുവും ഈശ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരുവിന്റെ മാർഗനിർദ്ദേശത്തോടെ രൂപംകൊണ്ട ഈശ ഗ്രാമോത്സവം, കായിക-സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കാനും രാജ്യത്തിന്റെ ഗ്രാമീണ ചൈതന്യത്തെ വീണ്ടെടുക്കാനും ലക്ഷ്യമിടുന്നു. ഒപ്പം ഗ്രാമീണ യുവാക്കൾക്കും സ്ത്രീകൾക്കും തങ്ങളുടെ കായിക മികവുകൾ പ്രകടിപ്പിക്കാനുള്ള വേദിയുമൊരുക്കുന്നു. പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം കർഷകർ, ദിവസവേതനക്കാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ തുടങ്ങിയ സാധാരണക്കാരായ ഗ്രാമീണർക്ക് മാത്രമുള്ളതാണ്.
ദേശീയ തലത്തിലോ അന്തർദേശീയ തലത്തിലോ തങ്ങളുടെ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിക്കാത്ത ഗ്രാമീണ കളിക്കാർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഗ്രാമത്തിന്റെ ഐക്യവും കൂട്ടായ പങ്കാളിത്തവും ഊട്ടിയുറപ്പിക്കുന്നതിനായി എല്ലാ കളിക്കാരും ഒരേ ഗ്രാമപഞ്ചായത്തിൽ നിന്നുള്ളവരായിരിക്കണം. വോളിബോൾ കളിക്കാർക്ക് കുറഞ്ഞത് 14 വയസ്സും, ത്രോബോൾ കളിക്കാർക്ക് കുറഞ്ഞത് 13 വയസ്സും പ്രായമുണ്ടായിരിക്കണം. വനിതാ ത്രോബോൾ വിഭാഗത്തിൽ, ഓരോ ടീമിലും 21 വയസ്സിന് താഴെയുള്ള മൂന്ന് കളിക്കാരെ വരെ ഉൾപ്പെടുത്താം. കേരളത്തിലുടനീളമുള്ള യോഗ്യരായ മത്സരാർത്ഥികൾക്ക് isha.co/gramotsavam സന്ദർശിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈശ ഔട്ട്റീച്ച് സംഘടിപ്പിക്കുന്ന ഈശ ഗ്രാമോത്സവത്തിന്റെ ദേശീയ തലത്തിലുള്ള 18-ാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 40,000-ത്തിലധികം ഗ്രാമങ്ങളിൽ നിന്നായി 15,000 സ്ത്രീകൾ ഉൾപ്പെടെ 80,000-ത്തിലധികം മത്സരാർത്ഥികളെ ഒന്നിച്ചണിനിരത്താൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഈ ടൂർണമെന്റ് നടക്കുന്നത്.
കേന്ദ്ര കായിക മന്ത്രാലയം ദേശീയ കായിക പ്രോത്സാഹന സംഘടനയായി (National Sports Promotion Organization) അംഗീകരിക്കുകയും 'ഫിറ്റ് ഇന്ത്യ മൂവ്മെന്റ്' അംഗീകാരം നൽകുകയും ചെയ്ത ഈ ടൂർണമെന്റ്, രണ്ടു പതിറ്റാണ്ടോളമായി ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും ആരോഗ്യകരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സൗഹാർദ്ദം വളർത്തുന്നതിനുമുള്ള ശക്തമായ മാർഗ്ഗമായി കായികരംഗത്തെ ഉപയോഗിക്കുന്നു.
കേവലം മത്സരങ്ങൾക്കപ്പുറം, ഗ്രാമങ്ങളെ ഒന്നിപ്പിക്കുന്നതിനും, സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, ആരോഗ്യകരമായ ജീവിതരീതികൾ സ്വീകരിക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും, കായികരംഗത്തിലൂടെ സാമൂഹിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഈശ ഗ്രാമോത്സവം നിരന്തരം പ്രവർത്തിക്കുന്നു. കേരളത്തിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന പങ്കാളിത്തം, കളിക്കളങ്ങൾക്കുമപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു ആഘോഷമെന്ന നിലയിൽ ഈ മേളയ്ക്കുള്ള അംഗീകാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ആയിരക്കണക്കിന് ഗ്രാമീണ കായികതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ തിരിച്ചറിയാനും, അഭിമാനത്തോടെ തങ്ങളുടെ ഗ്രാമങ്ങളെ പ്രതിനിധീകരിക്കാനും, കായികരംഗത്തിലൂടെ ഗ്രാമീണ ഭാരതത്തിന്റെ വീര്യം ആഘോഷിക്കാനുമുള്ള ഒരു ദേശീയ വേദി ഒരുക്കാൻ ഈശ ഗ്രാമോത്സവത്തിന്റെ പങ്കാളികളുടെ പിന്തുണ വഴി സാധ്യമായി. ഈ വർഷത്തെ മൊബിലിറ്റി പാർട്ണർ ആയി ഗ്രാവിറ്റൺ മോട്ടോഴ്സ് (Gravton Motors), സ്‌പോർട്‌സ് & എക്യുപ്‌മെന്റ് പാർട്ണർ ആയി നിവിയ സ്‌പോർട്‌സ് (Nivia Sports), ബ്രോൺസ് പാർട്ണർ ആയി ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് (TATA AIA Life Insurance), ഓൺ-ഗ്രൗണ്ട് സപ്പോർട്ട് പാർട്ണർ ആയി വണ്ടർ സിമന്റ് (Wonder Cement), സിഎസ്ആർ പാർട്ണർ ആയി സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്, വരീന്ദര കൺസ്ട്രക്ഷൻസ്, റോയൽ ഇൻഫ്രാകൺസ്ട്രക്ട്, അജിലിസിയം കൺസൾട്ടിംഗ് എന്നിവരുടെ പിന്തുണയുണ്ട്.