പിഎം ശ്രീയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മുൻ നിലപാട് വിഴുങ്ങി
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് സർക്കാർ. പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകും. ഏതൊക്കെ സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതിയും വിലയിരുത്തിയത്. എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പിലാക്കാൻ പോയപ്പോൾ ശക്തമായ പ്രതിഷേധം യുഡിഎഫ് ഉയർത്തിയിരുന്നു. എന്നാൽ പദ്ധതി നടപ്പിലാക്കാൻ ഇപ്പോൾ യുഡിഎഫ് സർക്കാർ തീരുമാനിക്കുന്ന ഘട്ടത്തിലെത്തി കാര്യങ്ങൾ.
എൽഡിഎഫ് ഒപ്പിട്ടതുകൊണ്ടാണ് പദ്ധതി നടപ്പിലാക്കേണ്ടി വരുന്നതെന്നാണ് യുഡിഎഫ് വാദം. യഥാർഥത്തിൽ എൽഡിഎഫ് സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ ചേർന്നിട്ടില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതാണ്.
കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഇന്നലെ പാർലമെന്റിൽ പറഞ്ഞിരുന്നു. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്‌കൂളുകളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കടുത്തിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അറിയിച്ചത്.