ഡൽഹിയിൽ 'സ്ഥിതി രൂക്ഷം'; പൊട്ടിത്തെറിച്ച സതീശൻ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കണമെന്നാണ് വി.ഡി.സതീശന്റെ നിലപാട്
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം തുടരുന്നു. 55 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും ശേഷിക്കുന്ന സീറ്റുകളിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ഡൽഹിയിൽ നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചയ്ക്കിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കണമെന്നാണ് വി.ഡി.സതീശന്റെ നിലപാട്. എന്നാൽ സീറ്റ് ദീപ്തി മേരി വർഗീസിനു നൽകണമെന്ന് വേണുഗോപാൽ. തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ ചർച്ചയ്ക്കിടയിൽ നിന്ന് സതീശൻ ഇറങ്ങിപ്പോയി. ഇന്ന് പുലർച്ചെ രണ്ട് വരെ എഐസിസി ആസ്ഥാനത്ത് ചർച്ചകൾ നടന്നതായാണ് വിവരം.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പല മണ്ഡലങ്ങളിലും ഒരൊറ്റ സ്ഥാനാർഥിയിലേക്ക് എത്തിച്ചേരാൻ കഴിയാത്തതാണ് ബാക്കിയുള്ള 37 സീറ്റുകളിലെ പട്ടിക പുറത്തിറക്കാൻ വൈകുന്നത്. കണ്ണൂരിൽ കെ.സുധാകരനു സീറ്റ് നൽകണോ എന്ന കാര്യത്തിലും നേതാക്കൾക്കിടയിൽ തർക്കം രൂക്ഷമാണ്.