1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cyber Comrades against MV Govindan

'സെക്രട്ടറിയെ മാറ്റണം'; തോൽവിക്കു പിന്നാലെ ഗോവിന്ദനെതിരെ സൈബർ സഖാക്കൾ, വിഭാഗീയത പുറത്ത് !

സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങാൻ കാരണം കണ്ണൂരിലുണ്ടായ തിരിച്ചടിയാണ്

MV Govindan Master - CPIM
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ രൂക്ഷ വിമർശനം. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് ആവശ്യം. പാർട്ടി കോട്ടയായ കണ്ണൂരിൽ അടിതെറ്റിയത് സെക്രട്ടറിയുടെ പിടിവാശി കാരണമാണെന്ന് വിമർശനമുണ്ട്. 
 
സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങാൻ കാരണം കണ്ണൂരിലുണ്ടായ തിരിച്ചടിയാണ്. തളിപ്പറമ്പിൽ പി.കെ.ശ്യാമളയ്ക്കെതിരെ ശക്തമായ വികാരം ഉണ്ടെന്ന് പ്രാദേശിക നേതൃത്വം അടക്കം സൂചന നൽകിയിട്ടും പാർട്ടി സെക്രട്ടറി അവഗണിച്ചു. പയ്യന്നൂരിലും ടി.ഐ.മധുസൂദനനെ മാറ്റിനിർത്തേണ്ടതായിരുന്നു. ഈ രണ്ട് ഇടത് മണ്ഡലങ്ങളിലും സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങി. 
 
മധുസൂദനനെ മാറ്റിനിർത്തികൊണ്ട് വിമതനായി പാർട്ടിവിട്ട വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ അവസരമുണ്ടായിരുന്നിട്ടും പാർട്ടി സെക്രട്ടറി ചെറുവിരൽ അനക്കിയില്ല. പി.കെ.ശ്യാമളയുടെ കാര്യത്തിലും പാർട്ടി സെക്രട്ടറി പിടിവാശി തുടർന്നു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് പാർട്ടി അനുഭാവികൾ ചൂണ്ടിക്കാട്ടുന്നു. 
 
അതോടൊപ്പം കണ്ണൂരിലെ വിഭാഗീയത മറനീക്കി പുറത്തുവരികയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി. 'ഒരേ ഒരു കോടിയേരി' എന്ന അടിക്കുറിപ്പോടെ കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു. ഇത് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ പരോക്ഷ വിമർശനമാണെന്നാണ് സൈബർ ലോകം ചൂണ്ടിക്കാട്ടുന്നത്. 
 
കണ്ണൂരിൽ എം.വി.ഗോവിന്ദനെതിരായ വികാരം രൂക്ഷമാകുകയാണ്. സംഘടനാപരമായ പരാജയമാണ് തിരഞ്ഞെടുപ്പ് തോൽവിക്കു കാരണമെന്നും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സെക്രട്ടറിക്കു ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും വിമർശനമുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മാത്രം നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം.
About Writer
WEBDUNIA
അടുത്ത ലേഖനം
50 എംഎൽഎമാർ കെസിയുടെ പേരുപറയും, സീനിയോറിറ്റി ഉയർത്തിക്കാട്ടി ചെന്നിത്തല, പദവിയില്ലെങ്കിൽ ഇടയാൻ സതീശനും!