വ്യാപാര ചര്ച്ചകള് അന്തിമഘട്ടത്തിലെന്ന് ജയശങ്കര്; അടുത്തയാഴ്ച റൂബിയോ ഇന്ത്യ സന്ദര്ശിക്കും
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയോ അടുത്ത ആഴ്ച ഇന്ത്യ സന്ദര്ശിക്കും. വ്യാപാര വിഷയങ്ങളിലും റഷ്യയില് നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ടും അഭിപ്രായവ്യത്യാസങ്ങള് നിലനില്ക്കുന്നുണ്ടെങ്കിലും ഊര്ജ്ജ സഹകരണം, തന്ത്രപരമായ ബന്ധങ്ങള്, വാണിജ്യപരമായ ഇടപെടലുകള് എന്നിവ കൂടുതല് ശക്തമാക്കാന് വാഷിംഗ്ടണ് ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദര്ശനം. മുംബൈയും ഗുജറാത്തിലെ ജാംനഗറും അദ്ദേഹം സന്ദര്ശിക്കും.
ഇന്ത്യയിലേക്ക് വരുന്നതിന് മുന്പ്, ഉസ്ബെക്കിസ്ഥാനിലെ സമര്ഖണ്ഡില് നടക്കുന്ന 'സി5+1' മന്ത്രിതല യോഗത്തില് റൂബിയോ പങ്കെടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് ചൊവ്വാഴ്ച അറിയിച്ചു. മധ്യേഷ്യയിലെ അഞ്ച് റിപ്പബ്ലിക്കുകള് ഉള്പ്പെടുന്നതാണ് ഈ കൂട്ടായ്മ. മെയ് മാസത്തില് ന്യൂഡല്ഹിയില് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര് ആതിഥേയത്വം വഹിച്ച 'ക്വാഡ്' വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില് പങ്കെടുത്തതിന് ശേഷം റൂബിയോ നടത്തുന്ന രണ്ടാമത്തെ ഇന്ത്യാ സന്ദര്ശനമാണിത്.
ഇന്ത്യയില് ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം, പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങള്, ഊര്ജ്ജ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നത് എന്നിവയെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനായി റൂബിയോ മുതിര്ന്ന സര്ക്കാര് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. നിക്ഷേപങ്ങളും സാമ്പത്തിക ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം വ്യവസായ പ്രമുഖരുമായും ചര്ച്ചകള് നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് അറിയിച്ചു.
