1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala High Court Quashes Ban on Women Working in Toddy Shops; Terms Provision Unconstitutional

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

തൃശ്ശൂര്‍ സ്വദേശിനിയായ സോഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

Kerala High Court toddy shop women ban quashed
കള്ളുഷാപ്പുകളില്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് വിലക്കിയിരുന്ന വ്യവസ്ഥ റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. സ്ത്രീകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചാണ് കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കേരള അബ്കാരി ഷാപ്പ് ഡിസ്‌പോസല്‍ ചട്ടങ്ങളിലെ 7(37)-ാം ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി പൂര്‍ണ്ണമായി റദ്ദാക്കി. തൊഴില്‍ മേഖലകളില്‍ ലിംഗവിവേചനം പാടില്ലെന്നതാണ് വിധിയിലൂടെ ഹൈക്കോടതി വ്യക്തമാക്കിയത്.
 
തൃശ്ശൂര്‍ സ്വദേശിനിയായ സോഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് 2024-ല്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ആശ്രിത നിയമനത്തിലൂടെ ജോലി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് സോഫി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ള്ളുഷാപ്പുകളില്‍ സ്ത്രീകളെ നിയമിക്കുന്നത് വിലക്കുന്ന അബ്കാരി ചട്ടം ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന്, മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ മുഖേന നടത്തിയ നിയമപോരാട്ടത്തില്‍ സോഫി നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുകയായിരുന്നു.
 
സ്ത്രീകളെ തൊഴിലിടങ്ങളിലെ ചൂഷണങ്ങളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും സംരക്ഷിക്കാനാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍  സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നതിന്റെ പേരില്‍ അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.
 
മുമ്പ് വിദേശമദ്യ ഷാപ്പുകളില്‍ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടവും ഹൈക്കോടതി സമാനമായ രീതിയില്‍ റദ്ദാക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ കള്ളുഷാപ്പുകളിലെ വിലക്കും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹര്‍ജിക്കാരിയുടെ അപേക്ഷയില്‍ ഉടന്‍ തക്കതായ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രാംലീല മൈതാനം സജ്ജം: നവംബർ 1-ന് ഇന്ത്യ സഖ്യത്തിന്റെ 'ചലോ ദില്ലി' മഹാറാലി; കനത്ത സുരക്ഷാ വലയത്തിൽ തലസ്ഥാനം