Portugal vs Spain: ലോകകപ്പിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; സ്‌പെയിൻ ക്വാർട്ടറിൽ
മൈക്കിൾ മെറിനോ ആണ് സ്‌പെയിനായി സ്‌കോർ ചെയ്തത്
Portugal vs Spain: ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്‌പെയിനോടു തോറ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിൻ ജയിച്ചത്. ഗോൾരഹിതമായി ഫൈനൽ വിസിലിലേക്ക് അടുത്ത മത്സരത്തിൽ 91+1 മിനിറ്റിലാണ് സ്‌പെയിൻ വിജയഗോൾ നേടിയത്.
മൈക്കിൾ മെറിനോ ആണ് സ്‌പെയിനായി സ്‌കോർ ചെയ്തത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് യാത്രയ്ക്കു അവസാനമായി. ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
ഇരു ടീമുകളും ഗോൾ അടിക്കാതിരിക്കാൻ മത്സരിച്ചപ്പോൾ വിരസമായി മാറിയ മത്സരം രണ്ടാം പകുതിയിലെ അവസാന മിനിറ്റുകളിലാണ് അൽപ്പമൊന്ന് ചൂടുപിടിച്ചത്. 56 ശതമാനം ബോൾ പൊസഷൻ സ്‌പെയിന് ആയിരുന്നു. അപ്പോഴും ഫിനിഷിങ്ങിലെ പോരായ്മ സ്‌കോർ ചെയ്യുന്നതിൽ നിന്ന് തടഞ്ഞു.
ഈ ലോകകപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് സ്‌പെയിൻ മുന്നേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലോ നോക്ക്ഔട്ടിലോ സ്‌പെയിൻ വല ചലിപ്പിക്കാൻ ഒരു ടീമിനും സാധിച്ചിട്ടില്ല.