അങ്ങനങ്ങ് തരാനാകുമോ?, ഹാർദ്ദിക്കിനെ വേണമെങ്കിൽ ദുബെയും ബ്രെവിസും മാത്രം പോര, 10 കോടിയും വേണമെന്ന് മുംബൈ
2027 ഐപിഎല്‍ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. ഹാര്‍ദ്ദിക്കിനെ വിട്ടുനല്‍കണമെങ്കില്‍ യുവതാരമായ ആയുഷ് മാത്രയേയും നല്‍കണമെന്ന ആവശ്യമാണ് മുംബൈ ഇന്ത്യന്‍സ് ആദ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ ഭാവി താരമായി കണക്കാക്കുന്ന മാത്രയെ നല്‍കാന്‍ ചെന്നൈ തയ്യാറായില്ല. ഇതിന് പകരം ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെ വിട്ടുനല്‍കാമെന്ന ഓഫറാണ് ചെന്നൈ മുന്നോട്ട് വെയ്ക്കുന്നത്.
എന്നാല്‍ 2 താരങ്ങളെ നല്‍കിയതുകൊണ്ട് മാത്രം ചെന്നൈയ്ക്ക് ഹാര്‍ദ്ദിക്കിനെ നല്‍കാന്‍ മുംബൈ തയ്യാറായിട്ടില്ല. ഇതോടെ ശിവം ദുബെ, ഡെവാല്‍ഡ് ബ്രെവിസ് എന്നിവര്‍ക്കൊപ്പം 10 കോടിയും നല്‍കാമെന്ന ഓഫറാണ് ചെന്നൈ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ഓഫര്‍ മുംബൈ സ്വീകരിക്കുന്നതോടെ ഹാര്‍ദ്ദിക്കിന്റെ മാര്‍ക്കറ്റ് പ്രൈസ് 20 കോടിയ്ക്ക് മുകളിലാകും. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദ്ദിക് ടീമിലെത്തുന്നത് ചെന്നൈയ്ക്ക് മികച്ച ബാലന്‍സ് നല്‍കുകയും ചെയ്യുക്.
കഴിഞ്ഞ സീസണില്‍ 206 റണ്‍സും 4 വിക്കറ്റും മാത്രമാണ് ഹാര്‍ദ്ദിക് നേടിയത്. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ മികച്ച പ്രകടനങ്ങള്‍ ഹാര്‍ദ്ദിക്കിന്റെ പേരിലുണ്ട്. ഒരു മോശം സീസണിന്റെ പേരില്‍ ഹാര്‍ദ്ദിക്കിനെ തള്ളാനാകില്ലെന്നും ഹാര്‍ദ്ദിക് നല്‍കുന്ന ബാലന്‍സ് പ്രധാനമാകുമെന്നാണ് ചെന്നൈ കണക്കാക്കുന്നത്. അതേസമയം ചെന്നൈ- മുംബൈ നീക്കങ്ങള്‍ പരാജയമായാല്‍ അവസരം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കെകെആര്‍ ഉള്‍പ്പടെയുള്ള ടീമുകള്‍.