Croatia vs Portugal: മോഡ്രിച്ചിന് നിരാശയോടെ മടക്കം; പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ, ക്രൊയേഷ്യ പുറത്ത്
പോർച്ചുഗൽ പ്രീക്വാർട്ടറിൽ സ്‌പെയിനിനെ നേരിടും
Portugal vs Croatia Match
Portugal vs Croatia: റൗണ്ട് 32 വിൽ പോർച്ചുഗലിനോടു തോറ്റ് ക്രൊയേഷ്യ ലോകകപ്പിൽ നിന്ന് പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. കളിയിൽ ആദ്യ ഗോൾ നേടി ലീഡ് പിടിച്ചിട്ടും അത് മുതലെടുക്കാൻ ക്രൊയേഷ്യയ്ക്കു കഴിഞ്ഞില്ല. അതേസമയം ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം പോർച്ചുഗൽ അതിശക്തമായി തിരിച്ചുവരികയും ചെയ്തു.
ടൊറന്റോയിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം വരെ ആവേശം അലതല്ലി. ആദ്യ പകുതിയിൽ ബോൾ പൊസഷനിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ 53-ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് നേടിയ ഗോളിലൂടെ ക്രൊയേഷ്യയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്.
തുടർന്ന് ആക്രമണം ശക്തമാക്കിയ പോർച്ചുഗലിന് 68-ാം മിനിറ്റിൽ വാർ പരിശോധനയ്ക്ക് പിന്നാലെ ലഭിച്ച പെനാൽറ്റി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യത്തിലെത്തിച്ചു. ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിൽ ആദ്യമായാണ് റൊണാൾഡോ ഗോൾ നേടുന്നത്.
മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ, 90+4-ാം മിനിറ്റിൽ റഫേൽ ലിയാവോയുടെ ക്രോസിൽ നിന്ന് ഗോൺസാലോ റാമോസ് ഹെഡറിലൂടെ പോർച്ചുഗലിന്റെ രണ്ടാമത്തെ ഗോൾ നേടി. ഇതോടെ പോർച്ചുഗൽ 2-1ന്റെ വിജയവുമായി അവസാന 16-ലേക്ക് കടന്നു. അവസാന മിനിറ്റിൽ ക്രൊയേഷ്യ സമനില ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ് സൈഡ് വിളിച്ചു.
ഈ വിജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ സ്‌പെയിനിനെ നേരിടും. അതേസമയം, 40-കാരനായ ലൂക്ക മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് ഈ തോൽവിയോടെ വിരാമമാകുകയാണ്. 2018 ലോകകപ്പിൽ ക്രൊയേഷ്യ ഫൈനലിൽ എത്തിയിരുന്നെങ്കിലും കിരീടം നേടാൻ സാധിച്ചില്ല.