Neymar: 'എന്റെ ചോരയും ജീവനും നൽകി, ഇനിയില്ല'; നെയ്മറിന് നന്ദി
Neymar: 2010 ൽ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് നെയ്മർ ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത്
Neymar
Neymar: ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവേയോടു തോറ്റ് പുറത്തായതിനു പിന്നാലെ ഇനിയൊരു ലോകകപ്പിനില്ലെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ സൂചന നൽകിയിരുന്നു. അപ്പോഴും രാജ്യത്തിനായി കുറച്ച് നാൾ കൂടി, ഏറിയാൽ അടുത്ത കോപ്പ വരെയെങ്കിലും നെയ്മർ കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കാൽപ്പന്ത് ആരാധകർ. എന്നാൽ രാജ്യത്തിന്റെയും ആരാധകരുടെയും പ്രതീക്ഷകൾക്കു വഴങ്ങാൻ നെയ്മർ തയ്യാറല്ല. രാജ്യാന്തര കരിയർ പൂർണമായി അവസാനിപ്പിക്കുകയാണെന്ന് 34 കാരൻ തീരുമാനമെടുത്തു.
' രാജ്യാന്തര ടീമിനൊപ്പമുള്ള എന്റെ കാലം കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. ബ്രസീൽ കുപ്പായത്തിൽ ഞാൻ ചരിത്രം രചിച്ചിട്ടുണ്ട്. അതിൽ അങ്ങേയറ്റം സന്തോഷവാനാണ്. എന്റെ ചോരയും ജീവനും ഞാൻ നൽകി. ഈ മഞ്ഞ ജേഴ്‌സിയിൽ ബ്രസീലിനായി അവസാന നിമിഷം വരെ ഞാൻ പോരാടി. ഇനിയും തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല,' വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് നെയ്മർ പറഞ്ഞു.
2010 ൽ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് നെയ്മർ ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത്. രാജ്യാന്തര കരിയറിലെ നെയ്മറിന്റെ അവസാന മത്സരത്തിനും അതേ മെറ്റ് ലൈഫ് തന്നെ വേദിയായി. 'ഇവിടെ തുടങ്ങി, ഇവിടെ അവസാനിപ്പിക്കുന്നു,' എന്നാണ് ലോകകപ്പിലെ തോൽവിക്കു പിന്നാലെ നെയ്മർ കണ്ണീരണിഞ്ഞുകൊണ്ട് പറഞ്ഞത്.
ലോകകപ്പ് ഇല്ലന്നേയുള്ളൂ, നാല് ലോകകപ്പുകളിൽ നിന്നായി 15 മത്സരങ്ങളിൽ ഒൻപത് ഗോളുകളും അഞ്ച് അസിസ്റ്റുകളും നെയ്മറിന്റെ പേരിലുണ്ട്. രാജ്യാന്തര ഫുട്‌ബോളിൽ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടം നെയ്മറിന്റെ പേരിലാണ്. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളും. ഒരുപക്ഷേ രാജ്യാന്തര ഫുട്‌ബോളിൽ ഇനിയും തുടർന്നാൽ കാൽപ്പന്ത് കൊണ്ട് മായാജാലം തീർക്കാനും പുതിയ റെക്കോർഡുകൾ സ്വന്തമാക്കാനും നെയ്മറിന് സാധിച്ചേക്കാം. എന്നാൽ യുവതലമുറയ്ക്ക് വേണ്ടി വഴിമാറാനാണ് താരത്തിന്റെ തീരുമാനം. Read Here: Donald Trump: 'അതിക്രൂരമായി ഞങ്ങൾ ആക്രമിക്കും'; കൊലവിളി തുടർന്ന് ട്രംപ്, അശാന്തി പുകയുന്നു