1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazil vs Scotland Match report Brazil secures knockout qualification

Brazil vs Scotland : സുൽത്താൻ്റെ എൻട്രി, ആഞ്ചലോട്ടിയുടെ പടനായകനായി വിനീഷ്യസ്, ഈ ബ്രസീൽ ഡെയ്ഞ്ചറാണ്

വിനീഷ്യസ് ജൂനിയര്‍ മികവിലേക്കുയര്‍ന്നതും നെയ്മറിന്റെ തിരിച്ചുവരവും ബ്രസീലിനെ കരുത്തരാക്കുന്നു.

Brazil vs Scotland, Vinicius Jr, Neymar Jr, Fifa worldcup, Fifa worldcup 2026
ഫുട്‌ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് ബ്രസീല്‍. പെലെ- ഗാരിഞ്ച എന്നിവരില്‍ നിന്ന് തുടങ്ങി സീക്കോ,റൊമാരിയോ, റൊണാള്‍ഡോ,റൊണാള്‍ഡീഞ്ഞോ,കക്ക, നെയ്മര്‍ എന്നിങ്ങനെ നീളുന്ന വമ്പന്‍ പാരമ്പര്യമുള്ള ബ്രസീലാണ് ലോകകപ്പിലെ ഏറ്റവും ശക്തരായ നിര. ഒരിക്കല്‍ പോലും ലോകകപ്പ് യോഗ്യത നേടാനാവാത്ത സാഹചര്യം ബ്രസീലിന് ഉണ്ടായിട്ടില്ല എന്നത് തന്നെ അതിനുള്ള തെളിവ്. ഒപ്പം അലങ്കാരമായി 5 ലോകകിരീടങ്ങളും.
 
 അതിനാല്‍ തന്നെ 2026ലെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കയുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ ഹെയ്തിയെ 3-0 ത്തിന് തകര്‍ത്തുകൊണ്ട് ബ്രസീല്‍ വരവറിയിച്ചിരുന്നു. അപ്പോഴും ലോകകിരീടം നേടാനുള്ള സംഘം ബ്രസീലിനുണ്ടോ എന്ന ചോദ്യം അവശേഷിച്ചിരുന്നു. എന്നാല്‍ സ്‌കോട്ട്ലന്‍ഡിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്ത് വരവറിയിച്ചിരിക്കുകയാണ് ബ്രസീല്‍. ആഞ്ചലോട്ടിയുടെ കീഴില്‍ ഒരൊറ്റ സംഘമായി കളിക്കുന്നു എന്നതിനൊപ്പം വിനീഷ്യസ് ജൂനിയര്‍ മികവിലേക്കുയര്‍ന്നതും നെയ്മറിന്റെ തിരിച്ചുവരവും ബ്രസീലിനെ കരുത്തരാക്കുന്നു.
 
മത്സരം ആരംഭിച്ച് ഏഴാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയര്‍ ബ്രസീലിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഹെഡറിലൂടെ വീണ്ടും ലക്ഷ്യം കണ്ട താരം ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മതേയൂസ് കുഞ്ഞയുടെ ഗോള്‍ വിജയത്തിന്റെ തിളക്കം കൂട്ടി. ബ്രൂണോ ഗിമറായിസ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കി മികച്ച പ്രകടനം പുറത്തെടുത്തു. പലപ്പോഴും ക്ലബ് ഫുട്‌ബോളില്‍ മാത്രം മികവറിയിക്കുന്നുവെന്ന് വിനീഷ്യസിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് ലോകകപ്പിലെ മത്സരങ്ങളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് വിനീഷ്യസ്. പരിശീലകനായുള്ള കാര്‍ലോ ആഞ്ചലോട്ടിയുടെ വരവാണ് വിനീഷ്യസ് ബ്രസീല്‍ ടീമിലും തിളങ്ങുന്നതിന് പ്രധാനകാരണം. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി ബ്രസീല്‍ ദേശീയ ടീമില്‍ നിന്നും മാറിനിന്നിരുന്ന നെയ്മറിനും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി എന്നത് എതിരാളികള്‍ ഭയത്തോടെ കാണേണ്ട ഒന്നാണ്. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതായി ബ്രസീല്‍ നോക്കൗട്ടിലേക്ക് മുന്നേറി. റൗണ്ട് ഓഫ് 32ല്‍ നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, സ്വീഡന്‍ എന്നീ ടീമുകളിലൊന്നാകും ബ്രസീലിന്റെ എതിരാളികള്‍.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സീനിയർ താരങ്ങൾക്കൊപ്പം താമസിക്കാനാവില്ല, വൈഭവിന് പ്രത്യേക സൗകര്യങ്ങൾ, കാരണം ഐസിസിയല്ല, കർശനമായ യുകെ നിയമങ്ങൾ