രോഹിത്ത് ലോകകപ്പിൽ കളിക്കുമോ?, വ്യക്തത വരുത്തേണ്ടത് ശുഭ്മാൻ ഗില്ലെന്ന് മുഹമ്മദ് കൈഫ്
രോഹിത് ശര്‍മയ്ക്ക് വ്യക്തത നല്‍കേണ്ടത് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്.
2027ലെ ഏകദിന ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ സീനിയര്‍ താരമായ രോഹിത് ശര്‍മയ്ക്ക് വ്യക്തത നല്‍കേണ്ടത് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. നിലവില്‍ 39കാരനായ താരത്തിന് പകരം യുവതാരങ്ങളെ പരിഗണിക്കണമെന്ന വികാരമാണ് സെലക്ടര്‍മാര്‍ക്കും ടീം മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനുമുള്ളത്. എന്നാല്‍ 2027ലെ ലോകകപ്പ് കളിക്കാനുള്ള താല്പര്യം രോഹിത് വ്യക്തമാക്കിയിട്ടുമുണ്ട്. 2027ലെ ലോകകപ്പ് സമയത്ത് 40 വയസായിരിക്കും രോഹിത്തിന്റെ പ്രായം. ഈ ഘടകങ്ങളാണ് രോഹിത്തിനെ പിന്‍വലിക്കാനുള്ള കാരണങ്ങളായി ടീം മാനേജ്‌മെന്റ് ഉയര്‍ത്തികാണിക്കുന്നത്.
നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിന മത്സരം രോഹിത് ശര്‍മയുടെ അവസാന ഏകദിന മത്സരമാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ അഭ്യൂഹങ്ങള്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ തന്നെ തള്ളികളഞ്ഞിരുന്നു. ഈ മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സുമായി രോഹിത് തിളങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് രോഹിത്തിന്റെ കാര്യത്തില്‍ വ്യക്തത നല്‍കാന്‍ മുഹമ്മദ് കൈഫ് ആവശ്യപ്പെട്ടത്.
രോഹിത് ടീമിനൊപ്പം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഗില്‍ കൃത്യമായ ഒരു നിലപാടെടുക്കണം. ടീം രൂപീകരിക്കുമ്പോള്‍ ക്യാപ്റ്റന്റെ പങ്ക് വളരെ വലുതാണ്. രോഹിത്ത് ടീമില്‍ വേണമെന്നാണെങ്കില്‍ ടൂര്‍ണമെന്റില്‍ രോഹിത്തിന് നിര്‍ണായകമായ പങ്ക് വഹിക്കാനാകുമെന്ന് ഗില്‍ കോച്ചിനെയും സെലക്ടര്‍മാരെയും ബോധ്യപ്പെടുത്താന്‍ തയ്യാറാകണം.
സൗരവ് ഗാംഗുലിയുടെ കാലത്ത് സെവാഗിനെയും യുവരാജിനെയും അദ്ദേഹം ഇത്തരത്തില്‍ പിന്തുണച്ചിട്ടുണ്ട്. എം എസ് ധോനിയും രോഹിത് ശര്‍മയുമെല്ലാം സഹതാരങ്ങള്‍ക്കായി ഇങ്ങനെ നിന്നിട്ടുള്ള താരങ്ങളാണ്. രോഹിത്, കോലി എന്നിവരുടെ കാര്യത്തില്‍ ടീം മനേജ്‌മെന്റ് വ്യക്തത വരുത്തണം. മറ്റാരും വ്യക്ത വരുത്തുന്നില്ലെങ്കില്‍ ക്യാപ്റ്റന്‍ അത് ചെയ്യണം. കൈഫ് പറഞ്ഞു.