Cristiano Ronaldo: ഇങ്ങനെ അവസാനിക്കേണ്ടതായിരുന്നോ റൊണാൾഡോയുടെ ലോകകപ്പ് കരിയർ?
2006 ലാണ് പോർച്ചുഗലിനായി റൊണാൾഡോ ആദ്യ ലോകകപ്പ് കളിക്കുന്നത്
Cristiano Ronaldo
Cristiano Ronaldo: രാജ്യാന്തര തലത്തിലും ക്ലബ് ഫുട്‌ബോളിലും റെക്കോർഡുകളുടെ തോഴൻ, എന്നാൽ ലോകകപ്പ് വേദിയിൽ ഒരു ശരാശരി കളിക്കാരനെന്ന വണ്ണം തലകുനിച്ചു നിൽക്കേണ്ടിവരുന്നു. സ്വപ്‌നമായി കണ്ടിരുന്ന ലോകകപ്പിലേക്ക് എത്തിച്ചേരാൻ പറ്റാതെ ഒരിക്കൽ കൂടി റൊണാൾഡോ ആ പരമോന്നത വേദിയിൽ നിന്ന് യാത്ര പറയുന്നു. ഇത്തവണത്തെ യാത്ര പറച്ചിൽ കേവലം നാല് വർഷത്തേക്ക് അല്ല, ലോകകപ്പിനോടു എന്നന്നേക്കുമായാണ്...!
2006 ലാണ് പോർച്ചുഗലിനായി റൊണാൾഡോ ആദ്യ ലോകകപ്പ് കളിക്കുന്നത്. തുടർന്ന് ആറ് ലോകകപ്പുകളിലായി 27 മത്സരങ്ങൾ, നേടിയത് 11 ഗോളുകൾ മാത്രം. അതിൽ തന്നെ നോക്ക്ഔട്ട് വേദിയിൽ നേടാനായത് ഒരൊറ്റ ഗോൾ. ഈ ലോകകപ്പിലെ റൗണ്ട് 32 വിലാണ് റൊണാൾഡോയുടെ ആദ്യ നോക്ക്ഔട്ട് ഗോൾ പിറക്കുന്നത്. ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.
2006 ലെ ലോകകപ്പിൽ പോർച്ചുഗൽ സെമി ഫൈനൽ കളിക്കുന്നുണ്ട്. അതിനുശേഷം ഒരിക്കൽ പോലും റൊണാൾഡോയും സംഘവും ക്വാർട്ടർ കടന്നിട്ടില്ല. 2010 ൽ പ്രീ ക്വാർട്ടർ, 2014 ൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി, 2018 ൽ പ്രീ ക്വാർട്ടർ, 2022 ൽ ക്വാർട്ടർ...! ഇത്തവണത്തെ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ സ്‌പെയിനോടു തോറ്റ് പുറത്താകുമ്പോൾ കളിക്കാരനെന്ന നിലയിലും റൊണാൾഡോ അമ്പേ നിരാശപ്പെടുത്തി. നായകൻ കൂടിയായ റൊണാൾഡോ നിർണായക മത്സരത്തിൽ നടത്തിയ മുന്നേറ്റങ്ങൾ എണ്ണിയാൽ അത് വിരലിലെണ്ണാവുന്നത്ര മാത്രം !
ലോകകപ്പ് നേടുകയെന്നത് തന്റെ സ്വപ്‌നമാണെന്നും രാജ്യാന്തര ടീമിനായി കിരീടം നേടിയാൽ മാത്രമേ നിങ്ങൾ മികച്ച കളിക്കാരനാകൂവെന്നും മുൻപൊരിക്കൽ പറഞ്ഞ റൊണാൾഡോ ഈയിടെ നിലപാട് മാറ്റി. ലോകകപ്പ് നേടുകയെന്നത് തന്റെ സ്വപ്‌നമെല്ലെന്നാണ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. ലോകകപ്പിനോളം പ്രധാനമാണ് തനിക്ക് യൂറോ കപ്പെന്നും പോർച്ചുഗൽ ടീം താൻ വന്നതിനു ശേഷമാണ് മൂന്ന് കിരീടങ്ങൾ നേടിയതെന്നും സ്‌പെയിനെതിരായ മത്സരശേഷം റൊണാൾഡോ പറഞ്ഞപ്പോൾ താരം ലോകകപ്പ് ഉയർത്തുന്നത് കാണാൻ കാത്തിരുന്ന ആരാധകർ പോലും നെറ്റി ചുളിച്ചു.
ലോകകപ്പിലെ റൊണാൾഡോയുടെ ഏറ്റവും മികച്ച പ്രകടനം 2018 ൽ സ്‌പെയിനെതിരെയാണ്. 88-ാം മിനിറ്റിൽ നേടിയ ഉജ്ജ്വല ഫ്രീ കിക്ക് ഗോൾ അടക്കം പോർച്ചുഗലിനായി താരം ഹാട്രിക് നേടി. അതിനു മുൻപോ ശേഷമോ ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താൻ റൊണാൾഡോയ്ക്കു സാധിച്ചിട്ടില്ല. ഒരു ലെജൻഡറി കരിയറിനു തിരശീല വീഴുമ്പോൾ ലോകകപ്പിൽ വേണ്ടത്ര നേട്ടങ്ങൾ ഇല്ലാത്തത് റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തിയേക്കാം. തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടിയ ഏകതാരമെന്ന റെക്കോർഡാണ് ലോകകപ്പുമായി ബന്ധപ്പെട്ട് റൊണാൾഡോയ്ക്കു അഭിമാനിക്കാനുള്ള വകനൽകുന്നത്. തീർച്ചയായും ഈ തരത്തിൽ അവസാനിപ്പിക്കേണ്ടതായിരുന്നില്ല റൊണാൾഡോയുടെ ലോകകപ്പ് കരിയർ..!