പേടിച്ച് പാക്കിസ്ഥാന്‍, ഇന്ത്യയുമായി കളിക്കും; ആരാധകര്‍ക്കു സന്തോഷവാര്‍ത്ത
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നഖ്വി ഇന്നു ചര്‍ച്ച നടത്തിയേക്കും
Pakistan
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ കളി നടക്കും. ഐസിസിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇന്ത്യക്കെതിരെ കളിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ഞായറാഴ്ച ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാന്‍ കളിക്കാനുള്ള സാധ്യത തെളിയുന്നത്.
പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ മത്സരം ബഹിഷ്‌കരിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി അറിയിച്ചു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ നിലപാട് മയപ്പെടുത്തിയത്.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നഖ്വി ഇന്നു ചര്‍ച്ച നടത്തിയേക്കും. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും അന്തിമ തീരുമാനം. ഫെബ്രുവരി 15 നാണ് ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ നടക്കേണ്ടത്. ശ്രീലങ്കയിലെ കൊളംബോയാണ് വേദി.
ഐസിസി വക്താക്കളുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യക്കൊപ്പം കളിക്കണമെങ്കില്‍ പാക്കിസ്ഥാന്‍ മൂന്ന് ഡിമാന്‍ഡുകള്‍ മുന്നോട്ടുവെച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലാദേശിന്റെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുക, ഭാവിയില്‍ ഐസിസി ഇവന്റുകള്‍ക്കു ആതിഥേയത്വം വഹിക്കാന്‍ ബംഗ്ലാദേശിനു അവസരം നല്‍കുക എന്നിവയാണ് പാക്കിസ്ഥാന്റെ ആവശ്യങ്ങള്‍.
മത്സരം ബഹിഷ്‌കരിച്ചാല്‍ പാക്കിസ്ഥാനെതിരെ കോടികള്‍ പിഴയായി ചുമത്തുമെന്നതാണ് ഐസിസിയുടെ താക്കീത്. കനത്ത സാമ്പത്തിക നഷ്ടം മുന്നില്‍കണ്ടാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയുമായി കളിക്കാന്‍ തയ്യാറെടുക്കുന്നത്.