Punjab Kings: പുലി പോലെ വന്ന് എലിയായി മടങ്ങിയ പഞ്ചാബ്; ഇത്തവണയും കപ്പില്ല !
ലീഗിലെ ആദ്യ ഏഴ് കളികൾ കഴിഞ്ഞപ്പോൾ ആറ് ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു പഞ്ചാബ്
Punjab Kings: ഐപിഎൽ 2026 സീസണിൽ ആരാധകരെ ഞെട്ടിച്ച ടീം ഏതെന്നു ചോദിച്ചാൽ അത് പഞ്ചാബ് കിങ്‌സാണ്. കപ്പ് നേടുമെന്ന് എതിരാളികൾ പോലും ഉറപ്പിച്ചിടത്തു നിന്ന് പ്ലേ ഓഫ് കാണാതെയുള്ള പുറത്താകൽ ക്രിക്കറ്റ് ആരാധകർക്കു അവിശ്വസനീയമാണ്. 14 കളികളിൽ നിന്ന് ഏഴ് ജയത്തോടെ 15 പോയിന്റ് നേടിയ പഞ്ചാബിന് അഞ്ചാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ.
ലീഗിലെ ആദ്യ ഏഴ് കളികൾ കഴിഞ്ഞപ്പോൾ ആറ് ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു പഞ്ചാബ്. ഒരു കളി മഴമൂലം ഉപേക്ഷിച്ചപ്പോൾ അതിൽ നിന്നു ലഭിച്ച ഒരു പോയിന്റ് അടക്കം ആദ്യ ഏഴ് കളികളിൽ നിന്ന് പഞ്ചാബിനു ഉണ്ടായിരുന്നത് 13 പോയിന്റ്. ശേഷിക്കുന്ന ഏഴ് കളികളിൽ രണ്ടോ മൂന്നോ ജയമുണ്ടെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാവുന്ന അവസ്ഥ. എന്നിട്ടും ആദ്യ നാലിൽ എത്താൻ ശ്രേയസ് അയ്യർക്കും കൂട്ടർക്കും സാധിച്ചില്ല.
അവസാന ഏഴ് കളികളിൽ ആറിലും പഞ്ചാബ് തോറ്റു. അതോടെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചു. സീസണിലെ അവസാന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ജയിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ആദ്യ ഏഴിൽ തോൽവി അറിയാത്ത പഞ്ചാബ് പിന്നീട് തുടർച്ചയായി ആറ് കളികളിലാണ് തോറ്റത്. തോറ്റ ആറ് കളികളിൽ നാലിലും എതിർ ടീം ചേസ് ചെയ്തു ജയിക്കുകയായിരുന്നു. ആദ്യ ഏഴിൽ ജയിച്ച ആറിലും പഞ്ചാബ് രണ്ടാമതാണ് ബാറ്റ് ചെയ്തത്.
ആദ്യ കിരീടത്തിനായി പഞ്ചാബ് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ സീസണിൽ ഫൈനലിൽ തോറ്റതിന്റെ നിരാശ ഇത്തവണ തീർക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരും ടീമിന്റെ പ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ്.