രേണുക വേണു|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (11:06 IST)
Sanju Samson : 2026 ടി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ സന്നാഹമത്സരം കഴിഞ്ഞതോടെ ലോകകപ്പ് ഇലവനെ പറ്റിയുള്ള ചിത്രം തെളിയുന്നു. ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ പരാജയമായി മാറിയ സഞ്ജു സാംസണെ പരിശീലന മത്സരത്തില്‍ ഇന്ത്യ കളത്തിലിറക്കിയിരുന്നില്ല. ഓപ്പണിംഗ് സ്ഥാനത്തും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തും സഞ്ജുവിന് പകരക്കാരനായി ഇഷാന്‍ കിഷനാണ് ടീമില്‍ ഇടം പിടിച്ചത്.
ലോകകപ്പില്‍ ഈ ടീമിനെ തന്നെയാകും ഇന്ത്യ കളിപ്പിക്കുക എന്ന സൂചനയാണ് പരിശീലന മത്സരം നല്‍കുന്നത്. മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കാമായിരുന്നിട്ടും ഹര്‍ഷിത് റാണ വരെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാരാണ് ദക്ഷിണാഫ്രിക്കക്കെതിരെ ക്രീസിലെത്തിയത്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും സഞ്ജു പ്രതീക്ഷകള്‍ പൂര്‍ണമായും കൈവെടിയരുതെന്നും ഒരു അവസരമാണ് ഇനി മുന്നില്‍ വീണുകിട്ടുന്നതെങ്കിലും അത് മുതലെടുക്കാന്‍ ശ്രമിക്കണമെന്നും ആരാധകര്‍ പറയുന്നു.
2023 ഏകദിന ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി എത്തി ഇന്ത്യയുടെ ടൂര്‍ണമെന്റിലെ തന്നെ മികച്ച ബൗളറായി മാറിയ മുഹമ്മദ് ഷമിയുടെ ഉദാഹരണമാണ് ആരാധകര്‍ ഉയര്‍ത്തികാണിക്കുന്നത്.അതുപോലെ 2019 ആഷസ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ഇറങ്ങി ടീമിലെ അവിഭാജ്യ ഘടകമായി മാറിയ മാര്‍നസ് ലബുഷെയ്ന്റെ ചരിത്രവും സഞ്ജുവിന് മുന്നിലുണ്ട്. ഒരു പരിക്കോ, മറ്റൊരു താരത്തിന്റെ മോശം പ്രകടനമോ സഞ്ജുവിന് ടീമിലേക്ക് വഴിയൊരുക്കാം എന്ന നിലയില്‍ മാനസികമായും ശാരീരികമായും ഒരു തിരിച്ചുവരവ് നടത്താന്‍ സഞ്ജു തയ്യാറെടുക്കണമെന്നും സ്വതസിദ്ധമായ ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് സഞ്ജുവിന്റെ ആരാധകര്‍ക്ക് പറയാനുള്ളത്.
2024ല്‍ ലോകകപ്പ് ജേതാക്കളായ ടീമില്‍ അംഗമായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ആ സാഹചര്യം ഇത്തവണയും ആവര്‍ത്തിക്കാനും സാധ്യതയുണ്ട്. അതേസമയം നിര്‍ണായകമല്ലാത്ത ലീഗ് മാച്ചുകളില്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.