ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ
ഇന്ത്യയ്ക്കായി 21 ടെസ്റ്റുകളും 121 ഏകദിനങ്ങളും 87 ടി20 മത്സരങ്ങളുമാണ് ഭുവനേശ്വര്‍ കുമാര്‍ കളിച്ചിട്ടുള്ളത്.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനി തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ലെന്നും ഇന്ത്യന്‍ ടീമിന് പുറത്തുള്ള ജീവിതവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞെന്നും വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മാത്രമാണ് താന്‍ ഇപ്പോഴും കളി തുടരുന്നതെന്നും ഭുവി വ്യക്തമാക്കി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു 36കാരനായ താരം.
ഇന്ത്യയ്ക്കായി 21 ടെസ്റ്റുകളും 121 ഏകദിനങ്ങളും 87 ടി20 മത്സരങ്ങളുമാണ് ഭുവനേശ്വര്‍ കുമാര്‍ കളിച്ചിട്ടുള്ളത്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന തന്റെ സ്വപ്നം ഇതിനകം തന്നെ സാക്ഷാത്കരിച്ചതിനാല്‍ തന്നെ ഇനി സ്വയം തെളിയിക്കണമെന്ന സമ്മര്‍ദ്ദമില്ലെന്നും ഭുവി പറയുന്നു. ഞാന്‍ ഐപിഎല്ലും ആഭ്യന്തര ലീഗും കളിക്കുന്നത് ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ്. എനിക്ക് മറ്റൊരു അവസരം ലഭിക്കുകയാണെങ്കില്‍ അത് വലിയ കാര്യമാണ്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം കളിയോടുള്ള സ്‌നേഹം കൊണ്ടാണ് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.
മാറ്റങ്ങള്‍ കായികരംഗത്തിന്റെ ഭാഗമാണെന്ന് ഞാന്‍ മനസിലാക്കുന്നു.തലമുറകള്‍ മാറുന്നത് ഞാന്‍ മനസിലാക്കുന്നു. ഇത് അനുഭവിക്കുന്ന ആദ്യത്തെ കളിക്കാരനല്ല ഞാന്‍, അവസാനത്തെയാളും ആയിരിക്കില്ല. ഇതെല്ലാം കളിയുടെ ഭാഗമാണ് ഭുവി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.