വെറുപ്പിനിടയിൽ സ്നേഹം നിറച്ച് ആലിംഗനം: ഹണ്ട്രഡ് മത്സരത്തിനിടെ കൈകൊടുത്ത് ജെമീമ റോഡ്രിഗസും പാക് താരം ഫാത്തിമ സനയും
സതേണ്‍ ബ്രേവ്- ബര്‍മിങ്ഹാം ഫീനിക്‌സ് മത്സരത്തിനിടെയാണ് താരങ്ങള്‍ പരസ്പരം കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയസംഘര്‍ഷം കായികലോകത്തേക്കും നീണ്ട സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ദി ഹണ്ട്രഡ് ലീഗിനിടെ പരസ്പരം ആലിംഗനം ചെയ്ത് ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസും പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഫാത്തിമ സനയും. സതേണ്‍ ബ്രേവ്- ബര്‍മിങ്ഹാം ഫീനിക്‌സ് മത്സരത്തിനിടെയാണ് താരങ്ങള്‍ പരസ്പരം കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്.
കഴിഞ്ഞ വര്‍ഷമുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ ഹസ്തദാനം പോലും ചെയ്യാത്ത സാഹചര്യമാണുള്ളത്. ക്രിക്കറ്റ് ഉള്‍പ്പടെ എല്ലാ കായിക ഇനങ്ങളിലും പുരുഷ- വനിതാ ഭേദമില്ലാതെ ഈ കീഴ്വഴക്കമാണ് തുടരുന്നത്. ഇത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്തതാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഹണ്ട്രഡ് ലീഗില്‍ നിന്നും അപൂര്‍വകാഴ്ചയുണ്ടായത്.
Everyone debating if Fatima Sana and jemimah Rodrigues would shake hands and they straight up HUGGED?!
— A. (@anhnjo) July 30, 2026
Keep politics out of sports FOREVER. pic.twitter.com/XCE2lswGlg
മത്സരത്തില്‍ ജെമീമയുടെ സതേണ്‍ ബ്രേവ് ഫാത്തിമ സനയുടെ ബര്‍മിങ്ഹാം ഫീനിക്‌സിനെ 24 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സതേണ്‍ ബ്രേവ് 3 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 28 റണ്‍സുമായി ജെമീമ തിളങ്ങിയിരുന്നു. കളിച്ച 4 മത്സരങ്ങളിലും വിജയിച്ച സതേണ്‍ ബ്രേവ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.