2027 ഏകദിന ലോകകപ്പിൽ കോലി മിന്നിക്കുമോ? റൺമല ചില്ലറയല്ല !
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം കൂടി വിരാട് കോലി കളിച്ചത് 25 ഇന്നിങ്സുകൾ
Virat Kohli
ദക്ഷിണാഫ്രിക്ക പ്രധാന ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ആരാധകരുടെ കണ്ണ് വിരാട് കോലിയിൽ. 12 വേദികളിലായാണ് ലോകകപ്പ് നടക്കുക. അതിൽ എട്ട് വേദികളും ദക്ഷിണാഫ്രിക്കയിൽ. വിരാട് കോലിയുടെ പ്രിയപ്പെട്ട ഗ്രൗണ്ടുകളാണ് ഇതെല്ലാം എന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം കൂടി വിരാട് കോലി കളിച്ചത് 25 ഇന്നിങ്സുകൾ. അതിൽ 71.47 ശരാശരിയിൽ 1358 റൺസ് നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളും ഒൻപത് അർധ സെഞ്ചുറികളും ഈ ഗ്രൗണ്ടുകളിൽ കോലിയുടെ പേരിലുണ്ട്. കളിച്ച 25 ഇന്നിങ്സുകളിൽ അഞ്ചെണ്ണത്തിൽ കളിയിലെ താരവുമായി.
സെഞ്ചൂറിയനിൽ ആറ് ഇന്നിങ്സുകളിൽ നിന്നായി 325 റൺസ്, ജോഹ്നസ്ബർഗിൽ നാല് കളികളിൽ നിന്ന് 69 ശരാശരിയിൽ 207 റൺസ്, കേപ്ടൗണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 126.50 ശരാശരിയിൽ 253 റൺസ് എന്നിങ്ങനെ എല്ലാ ഗ്രൗണ്ടുകളിലും കോലി തിളങ്ങിയിട്ടുണ്ട്. സെഞ്ചൂറിയനിലും കേപ് ടൗണിലും ദക്ഷിണാഫ്രിക്ക താരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റൺസ് കോലിയുടെ പേരിൽ.
മുൻ ഫോം ആവർത്തിച്ചാൽ ദക്ഷിണാഫ്രിക്കയിലെ ഗ്രൗണ്ടുകളിൽ കോലിയെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും.