Sanju Samson : ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, ഫോമിലെത്താൻ സഞ്ജുവിന് അവസാന അവസരം

സന്നാഹ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

Sanju Samson
Sanju Samson
രേണുക വേണു| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (11:31 IST)
ടി-20 ലോകകപ് ടൂര്‍ണമെന്റിന് മുന്‍പായുള്ള സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ.കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി സൂര്യകുമാര്‍ യാദവും സംഘവും ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ന് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. ഇന്ന് നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സന്നാഹ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ന്യൂസിലന്‍ഡിനെതിരായ പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെങ്കിലും, ആ പരമ്പരയില്‍ ദയനീയമായ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. ന്യൂസിലന്‍ഡിനെതിരെ 5 മത്സരങ്ങളില്‍ വെറും 46 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെയും ഓപ്പണിംഗില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നും തിളങ്ങാനായില്ലെങ്കില്‍ ലോകകപ്പില്‍ ഇഷാന്‍ കിഷനാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.

നിലവില്‍ ഇടംകൈയന്മാര്‍ നിറഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഒരു വലംകൈയന്‍ ബാറ്റ്സ്മാന്‍ എന്ന പ്രത്യേകത മാത്രമാണ് സഞ്ജുവിന് അനുകൂലമായുള്ളത്. പരിക്കിന്റെ പിടിയിലായിരുന്ന തിലക് വര്‍മ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ബാറ്റിംഗ് ഓര്‍ഡറില്‍ സഞ്ജുവിന്റെ സ്ഥാനം കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ന് മികച്ചൊരു ഇന്നിങ്ങ്‌സ് പിറന്നെങ്കില്‍ മാത്രമെ തുടര്‍ മത്സരങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിന് സാധിക്കുകയുള്ളു.

മത്സരഫലം പ്രധാനമല്ലെങ്കിലും സന്നാഹമത്സരത്തില്‍ കടുപ്പമേറിയ പോരാട്ടമാകും ഇന്ത്യയെ കാത്തിരിക്കുന്നത്. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ശക്തരാണ്. ഓപ്പണിങ്ങില്‍ ക്വിന്റണ്‍ ഡികോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കൂടുതല്‍ അപകടകാരികളാക്കുന്നത്.

ലോകകപ്പ് ഇന്ത്യന്‍ സ്‌ക്വാഡ്: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :