ബൗളര്‍മാര്‍ക്കെല്ലാം മനസിലായി, സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരു പിഴവുണ്ട്, വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ അയര്‍ലന്‍ഡിനെതിരെ 5,0 ഇംഗ്ലണ്ടിനെതിരെ 1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍.
അയര്‍ലന്‍ഡ് സീരീസിലെ മോശം പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20 മത്സരത്തിലും പരാജയപ്പെട്ടതോടെ സഞ്ജു സാംസണിന്റെ ബാറ്റിംഗ് ടെക്‌നിക്കിലെ പോരായ്മ ഉയര്‍ത്തിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാൻ പത്താന്‍. ടീം മാനേജ്‌മെന്റ് സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കുന്നുണ്ടെങ്കിലും സഞ്ജു തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ ടീമിലെ സ്ഥാനം സുരക്ഷിതമാകില്ലെന്നാണ് ഇര്‍ഫാന്‍ വ്യക്തമാക്കുന്നത്. സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഇര്‍ഫാന്‍ പത്താന്റെ പ്രതികരണം.
അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ അയര്‍ലന്‍ഡിനെതിരെ 5,0 ഇംഗ്ലണ്ടിനെതിരെ 1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. ബൗളര്‍മാര്‍ എപ്പോഴും സഞ്ജുവിന് ശരീരത്തിന് പുറത്തേക്ക് പന്തെറിയാനാണ് ശ്രമിക്കുന്നതെന്ന് ഇര്‍ഫാന്‍ പറയുന്നു. പന്ത് സ്വിങ് ചെയ്തില്ലെങ്കില്‍ പോലും ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തുകളെറിഞ്ഞ് കൃത്യമായ ലൈന്‍ ബൗളര്‍മാര്‍ സഞ്ജുവിനെതിരെ നിലനിര്‍ത്തുന്നു. സഞ്ജു ക്ലോസ്ഡ് ബാറ്റ് ഫേസുമായാണ് ബാറ്റ് ചെയ്യുന്നത്. ബാറ്റ് ഫേസ് ക്ലോസ്ഡ് ആയതിനാല്‍ ഓഫ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോഴൊക്കെ ബാറ്റ് കൃത്യമല്ലാത്ത രീതിയില്‍ തുറന്നുപോകും. ഇത് വിക്കറ്റ് വീഴാന്‍ കാരണമാകുന്നുണ്ടെന്നാണ് പത്താന്റെ നിരീക്ഷണം.