Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?
അയർലൻഡിനെതിരായ ഒന്നാം ടി20 യിൽ അഞ്ച് റൺസിനും രണ്ടാം ടി20 മത്സരത്തിൽ പൂജ്യത്തിനുമാണ് സഞ്ജു പുറത്തായത്
Sanju Samson: സഞ്ജു സാംസൺ ഫോംഔട്ട് തുടരുമ്പോൾ ആരാധകർ നിരാശയിൽ. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവുണ്ടെങ്കിലും ഫോംഔട്ടിന്റെ പേരിൽ പ്ലേയിങ് ഇലവനിൽ അവസരം നിഷേധിക്കപ്പെടുമോ എന്നതാണ് ആരാധകരുടെ ആശങ്ക. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കാൻ പോകുന്നത്. ജൂലൈ ഒന്നിനു പരമ്പരയ്ക്കു തുടക്കമാകും.
അയർലൻഡിനെതിരായ ഒന്നാം ടി20 യിൽ അഞ്ച് റൺസിനും രണ്ടാം ടി20 മത്സരത്തിൽ പൂജ്യത്തിനുമാണ് സഞ്ജു പുറത്തായത്. ആദ്യ കളിയിൽ ബൗൾഡ് ആയപ്പോൾ രണ്ടാമത്തെ കളിയിൽ എൽബിഡബ്‌ള്യുവിൽ കുരുങ്ങി. സ്ലോയും ബൗൺസുമുള്ള പിച്ചുകളിൽ സഞ്ജു റൺസ് കണ്ടെത്താൻ പാടുപെടുന്ന കാഴ്ച.
ഇന്ത്യയ്ക്കായി അവസാന 12 ഇന്നിങ്‌സുകളിൽ സഞ്ജുവിന്റെ വ്യക്തിഗത സ്‌കോറുകൾ ഇങ്ങനെ: 0(1), 5(4), 89(46), 89(42), 97*(50), 24(15), 22(8), 6(6), 0(19, 6(5), 10(7) & 37(23). ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷം സഞ്ജു ടീമിനായി അത്ര വലിയ ഇംപാക്ടിൽ കളിച്ചിട്ടില്ല. യുവതാരം വൈഭവ് സൂര്യവൻശി അവസരത്തിനായി കാത്തിരിക്കുമ്പോൾ സഞ്ജുവോ അഭിഷേക് ശർമയോ പ്ലേയിങ് ഇലവനിൽ നിന്ന് ഔട്ടാകേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ അത് സഞ്ജുവാകാനാണ് സാധ്യത. അഭിഷേക് സഞ്ജുവിനേക്കാൾ സ്ഥിരത പുലർത്തുന്നുണ്ട്.
പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സഞ്ജുവിന്റെ ഭാവി നിർണയിക്കും. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു പ്ലേയിങ് ഇലവനിൽ തുടരും. ഈ രണ്ട് കളികളിൽ റൺസ് കണ്ടെത്താൻ പാടുപെട്ടാൽ സഞ്ജുവിനു പുറത്തേക്കുള്ള വഴി തുറക്കുകയും വൈഭവ് സൂര്യവൻശി ഇന്ത്യക്കായി കളിക്കുകയും ചെയ്യും.