1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammoottys voice message for angelo

'മോനേ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്'; ശബ്ദങ്ങളുടെ ലോകത്തേക്ക് സ്വാഗതം ചെയ്ത് മഹാനടൻ (വീഡിയോ)

ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്സൺ-ആൻഷ ദമ്പതികളുടെ നാല് വയസ്സുകാരനായ മകൻ ആഞ്ചലോയ്ക്ക് ഇത് പുതിയ ലോകമാണ്

Mammootty
'മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം...' ഇത്രയും കാലം നിശബ്ദമായിരുന്ന അവന്റെ കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തി. അതുകേട്ട് ആഞ്ചലോയ്ക്ക് ആദ്യം അമ്പരപ്പ്. അവൻ ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേൾക്കുകയായിരുന്നു. അതാകട്ടെ ആ ഇളംകാതുകളെ കിളിയൊച്ചകളുടെയും താരാട്ടുപാട്ടുകളുടെയും ലോകത്തേക്ക് തുറന്നിട്ടുകൊടുത്തയാളുടെ ശബ്ദവും.
 
ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്സൺ-ആൻഷ ദമ്പതികളുടെ നാല് വയസ്സുകാരനായ മകൻ ആഞ്ചലോയ്ക്ക് ഇത് പുതിയ ലോകമാണ്. ജനനം മുതൽ കേൾവിയില്ലാതെ നിശബ്ദതയുടെ തടവറയിലായിരുന്ന ഈ കുഞ്ഞിന് മോചനമേകിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാതോട് കാതോരം' പദ്ധതിയാണ്.
 
ഒരു സാധാരണ കർഷകനായ ജെയ്സണ് മകന് കേൾവിശക്തി കിട്ടുന്നതിനുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ ചികിത്സയ്ക്കായി വേണ്ടിവരുന്ന 12 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. മകന്റെ ഭാവിയെച്ചൊല്ലിയുള്ള ആ കുടുംബത്തിന്റെ സങ്കടത്തിന് വിരാമമായത് ബന്ധു വഴി അഞ്ജലോയുടെ മാതാവ് ആൻഷ 'കാതോട് കാതോരം' പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെയാണ്.
 
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ കേൾവിശക്തി നൽകുന്നതിനായി മമ്മൂട്ടി മുൻകൈ എടുത്ത് ആരംഭിച്ച പദ്ധതി, ആഞ്ചലോയ്ക്കും കരുതലായി മാറി. രാജഗിരിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോഴാണ് ആഞ്ചലോ ആദ്യമായി ചുറ്റുമുള്ള ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്. ആ സുപ്രധാന നിമിഷത്തിലാണ് പ്രിയതാരം മമ്മൂട്ടി വാത്സല്യം കലർന്ന വാക്കുകളിലൂടെ ആഞ്ചലോയെ ഈ ലോകത്തെ മനോഹരമായ ശബ്ദങ്ങളിലേക്ക് വരവേറ്റത്. രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലാണ് കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇംപ്ലാന്റ് സർജൻ ഡോ.സജിത്ത് അബ്രാഹാം, ഡോ. ജിത്തു സക്കറിയ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, പിഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ്, ഇംപ്ലാന്റ് കോർഡിനേറ്റർ എൽജി എം മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, സീനിയർ തെറാപ്പിസ്റ്റ് സാറ പോൾ എന്നിവർ ചികിത്സയിൽ പങ്കാളികളായി.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും ആഞ്ചലോയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഇനി മാസങ്ങൾ നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെയും മറ്റ് പരിശീലനങ്ങളുടേയും സഹായത്തോടെ വേണം സംസാരശേഷി വീണ്ടെടുക്കാൻ. മമ്മൂട്ടിയുടെ സ്‌നേഹവും ഡോക്ടർമാരുടെ നൈപുണ്യവും ഒത്തുചേർന്നപ്പോൾ, ഒരു കുഞ്ഞിന്റെ ജീവിതത്തിൽ നിറയുന്നത് പ്രതീക്ഷയുടെ വലിയൊരാകാശമാണ്. ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ നിന്ന് ഇനി ആഞ്ചലോയുടെ ചിരിയും വർത്തമാനങ്ങളും ലോകം കേട്ടുതുടങ്ങും. 
 
കോക്ലിയർ ഇംപ്ലാന്റേഷൻ
 
ഉൾക്കാതിലെ തകരാറുകൾ മൂലം നിശബ്ദതയിലായവർക്ക് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്‌നലുകളാക്കി നേരിട്ട് ശ്രവണനാഡിയിലേക്ക് എത്തിക്കുന്ന കോക്ലിയർ ഇംപ്ലാന്റെഷൻ സാങ്കേതികവിദ്യ ഒരു പുതുജീവിതമാണ് സമ്മാനിക്കുന്നത്. ജന്മനാ കേൾവിശക്തിയില്ലാത്ത കുട്ടികളിൽ എത്രയും നേരത്തെ ഇംപ്ലാന്റേഷൻ നടത്തുന്നത് അവർക്ക് സ്വാഭാവികമായ സംസാരശേഷി കൈവരിക്കാൻ സഹായിക്കുന്നു. ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്തുകയും സാധാരണ സ്‌കൂളുകളിൽ മറ്റ് കുട്ടികളോടൊപ്പം പഠിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചിലവ്  കൂടാതെ അതിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണവും, കുട്ടികൾക്ക് ശബ്ദം തിരിച്ചറിയാനും സംസാരിക്കാനുമുളള ഓഡിറ്ററി വെർബൽ തെറാപ്പി പരിശീലനവും കാതോട് കാതോരം പദ്ധതി വഴി ലഭിക്കുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി പറഞ്ഞു.
About Writer
WEBDUNIA
അടുത്ത ലേഖനം
Patriot Box Office: എമ്പുരാനെ തൊടാൻ പറ്റില്ലെന്ന് ഉറപ്പ്, പ്രൊമോഷൻ കുറഞ്ഞോ?; പേട്രിയറ്റിന്റെ അവസ്ഥ