പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ
പത്തനാപുരത്തെ തോല്‍വി ഗണേഷ് കുമാര്‍ സ്വയം വരുത്തിവെച്ചതാണെന്ന് സിപിഐ കുന്നിക്കോട് ഏരിയ യോഗത്തില്‍ വിമര്‍ശനം. മന്ത്രിയായിരുന്ന സമയത്ത് എന്തും വിളിച്ചുപറയാമെന്നായിരുന്നു ഗണേഷിന്റെ ചിന്ത. തിരെഞ്ഞെടുപ്പ് പരിപാടികളും പ്രചാരണങ്ങളുമെല്ലാം കൂടിയാലോചനകള്‍ ഇല്ലാതെയായിരുന്നുവെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടിയെ പറ്റിയുള്ള പരാമര്‍ശങ്ങളും ഇളമ്പലില്‍ എന്‍എസ്എസ് അംഗങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളും ചില വിഭാഗങ്ങളെ എല്‍ഡിഎഫില്‍ നിന്നും അകറ്റിയെന്നും മാധ്യമങ്ങളോടുള്ള സമീപനവും വിപരീത ഫലം ചെയ്‌തെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. യുഡിഎഫിന് ബിജെപി- എസ്ഡിപിഐ കൂട്ടുക്കെട്ടില്‍ വോട്ട് നേടാനായതും പരാജയകാരണമായി. വിജയിക്കുമെന്ന കീഴ്ക്കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കാരണം പ്രവര്‍ത്തനത്തില്‍ അലസത കാണിച്ചെന്നും ഗണേഷ് കുമാറിന്റെ പണക്കൊഴുപ്പും പരാജയത്തിന് കാരണമായി യോഗം വിലയിരുത്തി. കുന്നിക്കോട് ഏരിയ കമ്മിറ്റിക്ക് കീഴില്‍ വരുന്ന 4 പഞ്ചായത്തുകളിലെ 9 ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള മുപ്പതോളം അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.