ജെൻ സിയെ തല്ലിയും തലോടിയും സംഘ് പരിവാർ, പ്രതിഷേധിച്ചെന്ന് കരുതി വിദ്യാർഥികൾ രാജ്യദ്രോഹികൾ അല്ലെന്ന് ആർഎസ്എസ്
ബിജെപിയുടെ വോട്ട് ബാങ്കുകള്‍ തന്നെയായിരുന്നു പ്രതിഷേധക്കാരില്‍ വലിയ വിഭാഗം എന്നുള്ളതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
അഴിമതിയില്‍ മുങ്ങികുളിച്ച കൊണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂപപ്പെട്ട പ്രതിഷേധങ്ങളും ഹിന്ദുത്വ രാഷ്ട്രീയവുമാണ് 2014ല്‍ ബിജെപിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം നേടികൊടുത്തത്. അയോധ്യ അടക്കമുള്ള ഹിന്ദുത്വ വിഷയങ്ങള്‍ ഉയര്‍ത്തികാണിച്ചപ്പോഴും വികസന നായകന്‍, ശക്തനായ നേതാവ്, അഴിമതിക്കാരുടെ പേടിസ്വപ്നം തുടങ്ങിയ ഇമേജുകളാണ് നരേന്ദ്രമോദി എന്ന നേതാവില്‍ ബിജെപി ഉയര്‍ത്തികാണിച്ചത്. കനത്ത ഭരണ വിരുദ്ധ വികാരവും ഒപ്പം ഹിന്ദുത്വയുടെ രാഷ്ട്രീയ ഉപയോഗവും ബിജെപിക്ക് തുടര്‍ഭരണവും നേടികൊടുത്തു.
40 വയസിന് മുകളിലുള്ള ഒരു തലമുറയെ വികസനമെന്നും രാജ്യസ്‌നേഹമെന്നും മതമെന്നുമുള്ള ലേബലിന് കീഴില്‍ അണിനിരത്താന്‍ ബിജെപി സര്‍ക്കാരിനായിരുന്നു. ശക്തനായ നേതാവെന്ന മോദിയുടെ ഇമേജ് നിലനിര്‍ത്താനായി മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തിയും പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും മുന്നോട്ട് പോയെങ്കിലും 12 വര്‍ഷത്തിനിപ്പുറം വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ബിജെപിക്ക് വലിയ തലവേദനയായിരിക്കുകയാണ്.
VIDEO | Mumbai: On being asked about protests and concerns that protesters may be labelled "anti-national", RSS chief Mohan Bhagwat, while addressing Gen Z and Gen Alpha, says, "...I want to make it clear that if Gen Z engages in any agitation, they are not anti-national. They… pic.twitter.com/XWU9coSnTg
— Press Trust of India (@PTI_News) August 6, 2026
ഇന്ത്യയുടെ വികസനം, യുവാക്കള്‍ക്ക് ജോലി എന്നിവ ഉയര്‍ത്തികാണിച്ച് ഭരണസംവിധാനത്തിന്റെ തലപ്പത്തെത്തിയെങ്കിലും 12 വര്‍ഷങ്ങള്‍ക്കിപ്പുറം പരീക്ഷാ നടത്തിപ്പ് മുതല്‍ തൊഴിലില്ലായ്മ വരെയുള്ള കാര്യങ്ങള്‍ യുവാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നീറ്റ് പ്രക്ഷോഭം യുവാക്കളുടെ ഈ അടിഞ്ഞുകൂടിയ നിരാശകളുടെ ആകെ പ്രതിഫലനമായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തെയും പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ്, തീവ്രവാദി നരേറ്റീവുകളുമായി ബിജെപി തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപിയുടെ വോട്ട് ബാങ്കുകള്‍ തന്നെയായിരുന്നു പ്രതിഷേധക്കാരില്‍ വലിയ വിഭാഗം എന്നുള്ളതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ജെന്‍ സി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 30 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളുടെ തലമുറ ബിജെപിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മാധ്യമങ്ങളെ വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നവരോ ചെറുപ്പത്തില്‍ രാമായണവും മഹാഭാരതവും കേട്ട് വളര്‍ന്നവരല്ല എന്നുള്ളതും മതപരമായ വിവേചനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. സമരങ്ങളെ അടിച്ചൊതുക്കിയും സമരക്കാര്‍ക്കെതിരെ പോലീസ് നടപടിയുമായും ഒരു ഭാഗത്ത് ബിജെപി സമരക്കാരെ പേടിപ്പിച്ചുനിര്‍ത്തുമ്പോള്‍ മറ്റൊരു ഭാഗത്ത് സംവാദത്തിന്റെ വാതില്‍ തുറന്നിടുകയാണ് ആര്‍എസ്എസ്.
മുംബൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ജെന്‍ സി, ജെന്‍ ആല്‍ഫ തലമുറകള്‍ യുക്തിപരമായ ഉത്തരങ്ങള്‍ തേടുന്നവരാണെന്നും ജനാധിപത്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ യുവാക്കള്‍ക്ക് അവസരമുണ്ടെന്നുമാണ് ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തെന്ന് കരുതി ജെന്‍ സി രാജ്യദ്രോഗികളല്ലെന്നും രാജ്യത്തോട് വലിയ സത്യസന്ധതയുള്ളവരാണ് ഈ യുവാക്കളെന്നും പറഞ്ഞ മോഹന്‍ ഭാഗവത് ജെന്‍ സിയെ കണ്ണടച്ച് താന്‍ വിശ്വസിക്കുമെന്ന് പോലും പറഞ്ഞുകളഞ്ഞു.
ഒരു ഭാഗത്ത് സിലബസില്‍ ഹിന്ദുത്വ ആശയങ്ങള്‍ കുത്തിനിറച്ചും വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വൈസ് ചാന്‍സലര്‍മാരായി ആര്‍എസ്എസ് നേതാക്കളെ സ്ഥാപിച്ചും വിദ്യഭ്യാസരംഗം തന്നെ കാവി വത്കരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതിനിടെയാണ് ജെന്‍ സിയെ കയ്യിലെടുക്കാനും അവര്‍ ശ്രമിക്കുന്നത്. ഒരേ സമയം തല്ലിയും തലോടിയുമുള്ള ഈ കളി യുവാക്കള്‍ തങ്ങളെ കൈവിടുകയാണോ എന്ന ആശങ്കയെയാണ് എടുത്ത് കാണിക്കുന്നത്.ALSO READ: E20 പെട്രോള്‍ മൂലം ഉപഭോക്താക്കള്‍ക്ക് ഇന്ധനച്ചെലവ് വര്‍ധിച്ചു, ഗുണം ചെയ്തത് എത്തനോള്‍ ഉല്‍പാദകര്‍ക്ക്: കോണ്‍ഗ്രസ്