പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ
ഗാന്ധിനഗര്‍ ആസ്ഥാനമായ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് (SWAC) ഇതിനകം ആഭ്യന്തര പ്രതിരോധ നിര്‍മാതാക്കള്‍ക്ക് ടെന്‍ഡര്‍ ക്ഷണം (RFI) പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ നേരിട്ട ഡ്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമസേന (IAF) സമ്പൂര്‍ണ ആഭ്യന്തര നിര്‍മിതമായ ത്രിതല ആന്റി-ഡ്രോണ്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗാന്ധിനഗര്‍ ആസ്ഥാനമായ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് (SWAC) ഇതിനകം ആഭ്യന്തര പ്രതിരോധ നിര്‍മാതാക്കള്‍ക്ക് ടെന്‍ഡര്‍ ക്ഷണം (RFI) പുറപ്പെടുവിച്ചിട്ടുണ്ട്.
2025 മേയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഡ്രോണുകളും ലോയിറ്ററിങ് മ്യൂണിഷന്‍സും ഉപയോഗിച്ച് ഇന്ത്യന്‍ സ്ഥാനങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ഇന്ത്യന്‍ വ്യോമ പ്രതിരോധ ഗ്രിഡ് ആ ഭീഷണികള്‍ വിജയകരമായി നിര്‍വീര്യമാക്കിയെങ്കിലും, ഭാവിയിലെ ഉയര്‍ന്ന അളവിലുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടാന്‍ ഡെഡിക്കേറ്റഡായുള്ള പ്രതിരോധ സംവിധാനം വേണമെന്ന തിരിച്ചറിവിലാണ് ഇന്ത്യ.
ഇതിനായി 3 തലങ്ങളില്‍ വെച്ച് ശത്രുവിന്റെ ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ക്കുന്ന സംവിധാനമാണ് ഇന്ത്യ ഒരുക്കുന്നത്.
ടയര്‍ 1 - 1,000 മീറ്റര്‍ ഉയരത്തിലും 5 കിലോമീറ്റര്‍ ദൂരത്തിലും ഡ്രോണുകള്‍ വേട്ടയാടുന്ന ഭടന്മാര്‍ക്ക് കൊണ്ടുപോകാവുന്ന (Man-Portable) ഉപകരണം
ടയര്‍ 2 - 5,000 മീറ്റര്‍ ഉയരത്തിലും 10 കിലോമീറ്റര്‍ ദൂരത്തിലും ഡ്രോണ്‍ ആക്രമണങ്ങള്‍ തകര്‍ക്കുന്ന വാഹനഘടിത (Vehicle-Mounted) സ്യൂള്‍ ഫയര്‍ സംവിധാനം
ടയര്‍ 3 - 7,000 മീറ്റര്‍ ഉയരത്തിലും 25 കിലോമീറ്റര്‍ ദൂരത്തിലും പ്രവര്‍ത്തിക്കുന്ന, ഒരേ സമയം ഒന്നിലധികം ഇന്റര്‍സെപ്റ്ററുകള്‍ നിയന്ത്രിക്കുന്ന കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ ഹബ്ബ്.
AI അധിഷ്ഠിതവും സ്വതന്ത്രവുമായ 'ലോഞ്ച് ആന്‍ഡ് ഫര്‍ഗറ്റ്' ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകളാണ് ഈ സംവിധാനത്തിന്റെ കാതല്‍. ഓപ്പറേറ്ററുടെ ഇടപെടല്‍ ഏറ്റവും കുറഞ്ഞ നിലയില്‍ നിലനിര്‍ത്തി, അതിവേഗം ഭീഷണി തിരിച്ചറിഞ്ഞ് നിര്‍വീര്യമാക്കുക എന്നതാണ് ലക്ഷ്യം.
ഗാന്ധിനഗറിലെ RAID-GN (Regional Aerospace Innovation Division) ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യം മുന്‍നിര്‍ത്തി ആഭ്യന്തര നിര്‍മാതാക്കളെ മുന്‍ഗണന നല്‍കി ഉള്‍ക്കൊള്ളിക്കുന്ന ഈ പദ്ധതി, ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ഒരു നൂതന സൈദ്ധാന്തിക ചുവടുമാറ്റം അടയാളപ്പെടുത്തുന്നു.