പാചക വാതകം വിവേകപൂര്‍വ്വം ഉപയോഗിക്കുക; വിതരണത്തെക്കുറിച്ച് ആശങ്കകളുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യയിലെ പാചക വാതക വിതരണം ആശങ്കാജനകമായ സാഹചര്യത്തില്‍ തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം ഉറപ്പുനല്‍കി. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പത്രസമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. അതോടൊപ്പം എല്‍പിജി വിവേകപൂര്‍വ്വം ഉപയോഗിക്കാനും പാചകത്തിന് ബദല്‍ ഓപ്ഷനുകള്‍ പരിഗണിക്കാനും അവര്‍ ജനങ്ങളോട് പറഞ്ഞു.
'നിലവില്‍ ഒരു ഗ്യാസ് ഏജന്‍സിക്കും സ്റ്റോക്കിന്റെ കുറവ് നേരിടുന്നില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറുകളുടെ വിതരണം പതിവുപോലെ തുടരുന്നു. സിലിണ്ടര്‍ ബുക്കിംഗില്‍ ശക്തമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഏകദേശം 94% ബുക്കിംഗുകളും ഇപ്പോള്‍ ഓണ്‍ലൈനിലാണ് നടക്കുന്നത്. ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് സംവിധാനം 76% ല്‍ എത്തിയിരിക്കുന്നു,' സുജാത ശര്‍മ്മ പറഞ്ഞു. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇപ്പോള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗാര്‍ഹികമല്ലാത്ത എല്‍പിജി വിതരണത്തിനായി പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി രാജ്യത്തുടനീളം ഏകദേശം 12,000 റെയ്ഡുകള്‍ നടത്തി. ഏകദേശം 15,000 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. കേരളത്തില്‍ മാത്രം ഏകദേശം 1,000 പരിശോധനകള്‍ നടത്തി. വാണിജ്യ ഉപയോക്താക്കള്‍ പിഎന്‍ജി കണക്ഷനുകളിലേക്ക് മാറുന്നത് സഹായകരമാകുമെന്ന് കേന്ദ്ര സര്‍ക്കാരും പറഞ്ഞു. ഹോട്ടലുകള്‍ പോലുള്ള മേഖലകളില്‍ എല്‍പിജി ഉപയോഗം കുറയ്ക്കുന്നതിന്, മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.