1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. LPG crisis central government issues instructions to states

പാചകവാതക പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രം; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് രാജ്യത്ത് ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

lpg cylinder
ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന പാചകവാതക (LPG) പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ തടസ്സമില്ലെന്ന് ഉറപ്പുവരുത്തണമെന്നും പൂഴ്ത്തിവെപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ കര്‍ശന ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.
 
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് രാജ്യത്ത് ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ പരമാവധി രണ്ടര ദിവസത്തിനുള്ളില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ എല്‍പിജി ഉല്‍പാദനത്തില്‍ 25 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുള്ളത് പ്രതിസന്ധി ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
 
 
നിലവിലെ ക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കുന്നതിനായി രണ്ട് എല്‍എന്‍ജി കാര്‍ഗോ കപ്പലുകള്‍ ഉടന്‍ ഇന്ത്യയിലെത്തും. വിദേശത്തുനിന്നുള്ള ഈ ഇറക്കുമതി എത്തുന്നതോടെ വിപണിയിലെ സമ്മര്‍ദ്ദം കുറയുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്കിടയില്‍ അനാവശ്യമായ പരിഭ്രാന്തി (Panic Booking) വേണ്ടെന്നും വിതരണം സുഗമമായി തുടരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 
 
പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
 
അതേസമയം, രാജ്യത്തെ പാചകവാതക പ്രതിസന്ധി ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ഗാര്‍ഹിക സിലിണ്ടറുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ (Commercial Cylinders) ലഭ്യതക്കുറവ് ചെറുകിട ബിസിനസ്സുകളെയും ഹോട്ടല്‍ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
 
എല്‍പിജി വിതരണത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രാലയവും അറിയിച്ചു.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇറാനു പിന്തുണയുമായി കൊറിയ; ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു