വിജയ്ക്ക് 625 കോടിയുടെ ആസ്തി, ഭാര്യയ്ക്ക് സ്വന്തമായി 391 പവൻ: സത്യവാങ്മൂലം സമർപ്പിച്ചു
625 കോടിയുടെ സ്വത്തുവകകളാണ് വിജയ്ക്കുള്ളത്. 625 കോടിയില്‍ 405 കോടി ഭൂമിയും കെട്ടിടവുമായാണ്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്തുവിവരങ്ങളുടെ സത്യവാങ്മൂലം സമര്‍പ്പിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളുള്ളത്. 625 കോടിയുടെ സ്വത്തുവകകളാണ് വിജയ്ക്കുള്ളത്. 625 കോടിയില്‍ 405 കോടി ഭൂമിയും കെട്ടിടവുമായാണ്. 220 കോടി പണം, വാഹനങ്ങള്‍, ആഭരണങ്ങളായുണ്ട്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 213. 36 കോടി രൂപ ബാലന്‍സുണ്ട്. ആക്‌സിസ് ബാങ്കില്‍ 5.79 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഭാര്യ സംഗീതയുടെ പേരില്‍ ഏകദേശം 15.51 കോടിയുടെ ജംഗമ ആസ്തിയുണ്ട്. സംഗീതയുടെ കൈവശം ഒരു ലക്ഷം രൂപ പണമായും വിവിധ ബാങ്ക് നിക്ഷേപങ്ങളായി 53 ലക്ഷത്തിലധികവുമുണ്ട്. 6 കോടി രൂപയുടെ കാറുകളാണ് വിജയ്ക്കുള്ളത്. കാറുകള്‍ക്ക് പുറമെ 1.20 കോടി രൂപ വിലമതിക്കുന്ന 883 ഗ്രാം ഭാരമുള്ള സ്വര്‍ണാഭരണങ്ങളും വിജയുടെ കൈവശമുണ്ട്. ഭാര്യ സംഗീതയ്ക്ക് 4.07 കോടി വിലമതിക്കുന്ന 391 പവന്‍ സ്വര്‍ണാഭരണങ്ങളുമുണ്ട്. കുടുംബത്തിന് ഒരു കോടി വിലമതിക്കുന്ന വജ്രങ്ങളും സ്വന്തമായുണ്ട്.
ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയ് ജനവിധി തേടുന്നത്. സമ്പാദ്യത്തിന് പുറമെ വിദ്യഭ്യാസത്തെ പറ്റിയും സത്യവാങ്മൂലത്തില്‍ വിവരങ്ങളുണ്ട്. ചെന്നൈ ലയോള കോളേജില്‍ ബിഎസ്സിക്ക് ചേര്‍ന്നെങ്കിലും വിജയ് പഠനം മുഴുമിച്ചിട്ടില്ല. പത്താം ക്ലാസും പ്ലസ് ടുവും പ്രൈവറ്റായാണ് വിജയ് പൂര്‍ത്തിയാക്കിയത്. ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ സ്വന്തമായി യാതൊരു വിധ ബാധ്യതകളും വിജയ്ക്കില്ല.