തമിഴക രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം, നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന് സൂചന
സുരക്ഷിതമായ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും നേതൃത്വം കരുതുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയേക്കുമെന്ന് സൂചന. പാര്‍ട്ടി നേതൃത്വത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ന്യൂസ് 18 ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ദളപതിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കെ, ഈ നീക്കം രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കാനാണെന്നാണ് വിലയിരുത്തല്‍.
പഴയകാല രാഷ്ട്രീയ നേതാക്കളെപ്പോലെ സുരക്ഷിതമായ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും നേതൃത്വം കരുതുന്നു. തമിഴ്‌നാടിന്റെ തെക്കന്‍ മേഖലയിലും ചെന്നൈ നഗര പരിധിയിലുമുള്ള ഏതെങ്കിലും മണ്ഡലത്തിലുമാകും വിജയ് മത്സരിക്കുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, പനയൂരിലെ പാര്‍ട്ടി ഓഫീസില്‍ അപേക്ഷാ ഫോം വിതരണവുമായി ബന്ധപ്പെട്ട് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതോടെ പനയൂര്‍ മേഖലയില്‍ ഗതാഗതവും ജനജീവിതവും സ്തംഭിച്ചു. തിരക്ക് നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് അപേക്ഷാ ഫോം വിതരണം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കുന്ന രാഷ്ട്രീയ നിലപാടാണ് തമിഴക വെട്രി കഴകം സ്വീകരിച്ചിരിക്കുന്നത്. ഡിഎംകെ സര്‍ക്കാരിന്റെ അഴിമതിയും കുടുംബ ഭരണവും പ്രധാന പ്രചാരണ വിഷയമാക്കാനാണ് വിജയിന്റെ തീരുമാനം. തമിഴ്‌നാട്ടിലുടനീളം പര്യടനം നടത്തിക്കൊണ്ട് പാര്‍ട്ടിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് താരം.