വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്: രാജ്യത്ത് ആദ്യം, മാതൃക ജപ്പാന്‍
വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള സമഗ്ര പദ്ധതികള്‍ തയ്യാറാക്കും.
കേരളം ഒരു പരിഷ്‌കൃത സമൂഹമാണെന്ന് ലോകത്തോട് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന തരത്തില്‍ മുതിര്‍ന്ന പൗരന്മാരെ കരുതലോടെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ സാമ്പത്തിക വിദഗ്ധരുടെ പിന്തുണയോടെ ധവളപത്രം പ്രസിദ്ധീകരിക്കും. നവകേരള സദസ്സിനിടെയുണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കും.
മഴക്കാല മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികളും മന്ത്രിസഭ പരിശോധിച്ചു. ഇന്ധനവില വര്‍ദ്ധനയുടെ സാമ്പത്തിക ആഘാതം സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.