1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. PM Modi directives US Iran conflict

സാമ്പത്തിക പ്രതിസന്ധി : നേരിടാൻ കേന്ദ്ര മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി

Modi
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്ന യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നടപടികള്‍ ശക്തമാക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കാനിടയുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിവിവിധ മന്ത്രാലയങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍. 
 
ഇന്ധനവില വര്‍ധന, ചരക്ക് ഗതാഗതച്ചെലവ്, വിതരണ ശൃംഖലയിലെ സമ്മര്‍ദ്ദം തുടങ്ങിയവ അടുത്ത മാസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകാമെന്ന ആശങ്ക സര്‍ക്കാര്‍ വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് ഹോര്‍മുസ് മേഖലയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ നേരിട്ട് ബാധിക്കുമെന്ന വിലയിരുത്തലും കേന്ദ്രത്തിനുണ്ട്. ഇറാന്‍- യുഎസ് യുദ്ധം വീണ്ടും പുനരാരംഭിക്കാനുള്ള സാധ്യതയും കേന്ദ്രം തള്ളുന്നില്ല.
 
പസ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ സാമ്പത്തികരംഗത്തെ ബാധിച്ചതായി വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. ഇത് നേരിടാന്‍ ഭരണപരമായ വേഗതയും സുതാര്യതയും ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. യുദ്ധം മൂലം ഇന്ധന വിതരണത്തില്‍ തടസ്സം നേരിടാനായി സൗരോര്‍ജം, ബയോഗ്യാസ് എന്നിവ ബദലായി ഉപയോഗിക്കണമെന്നും അനാവശ്യമായ ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കാവുന്ന എല്ലാ സാധ്യതകളും മുന്‍കൂട്ടി വിലയിരുത്തി മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
പശ്ചിമേഷ്യന്‍ പ്രതിസന്ധി നിരീക്ഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ അമിത് ഷാ, നിര്‍മല സീതാരാമന്‍, ഹര്‍ദീപ് സിങ് പുരി എന്നിവരടങ്ങുന്ന ഒരു ഉന്നതതല മന്ത്രിതല സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ ആവശ്യത്തിന് എണ്ണശേഖരം ഇന്ത്യയ്ക്കുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക