ജപ്പാനില്‍ വന്‍ ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. മൂന്ന് മീറ്റര്‍ (പത്ത് അടി) വരെ ഉയരുന്ന തിരമാലകള്‍ക്കും സുനാമിക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പസഫിക് സമുദ്രത്തിലെ വടക്കന്‍ ഇവാട്ടെ പ്രിഫെക്ചറില്‍ പ്രാദേശിക സമയം വൈകുന്നേരം 4:53 നാണ് ഭൂകമ്പം ഉണ്ടായത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പസഫിക് സമുദ്രത്തില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഭൂകമ്പം വളരെ ശക്തമായതിനാല്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ടോക്കിയോയിലെ വലിയ കെട്ടിടങ്ങള്‍ പോലും കുലുങ്ങി. ഭൂകമ്പത്തെ തുടര്‍ന്ന് ടോക്കിയോ-അമോറി ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
വടക്കന്‍ തീരത്ത് ഉടന്‍ സുനാമി തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ സുരക്ഷിത സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.