നല്ല തിരക്കഥ, ഇഡിക്ക് ദേശീയപുരസ്കാരം തന്നെ കൊടുക്കണം: മുഹമ്മദ് റിയാസ്
ഇഡിയുടേത് മികച്ച സ്‌ക്രിപ്റ്റാണെന്നും അതെഴുതിയവര്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം തന്നെ നല്‍കണമെന്നും സിപിഎം നേതാവ് പിഎ മുഹമ്മദ് റിയാസ്. ഇഡി വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നത് വ്യക്തിപരമായി തന്നെ മോശക്കാരനാക്കാനാണെന്നും എന്നാല്‍ അതിലൊന്നും പേടിച്ച് ഒരടിപോലും പിന്നോട്ട് പോകില്ലെന്നും മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.
തന്നെ വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു ഡയറി കിട്ടിയെന്നും അതാണ് പ്രധാനപ്പെട്ട തെളിവെന്നെല്ലാമാണ് ഇഡി പറയുന്നത്. പ്രധാനപ്പെട്ട തെളിവുകളാണെങ്കില്‍ അത് പുറത്ത് വിടുമോ?, ഇന്ന് വിശാല സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസവും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലിയുമൊക്കെ നടക്കാനിരിക്കുകയാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് പലതും തെളിവുകളെന്നെല്ലാം പറഞ്ഞ് പുറത്തുവിടുന്നത്. റിയാസ് പറഞ്ഞു.
വീണയ്ക്ക് ഹവാലയുമായി ബന്ധമുണ്ടെന്നാണ് പ്രചാരണം. ഹവാല ഇടപാടുകളുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വീണ സമ്മതിച്ചെന്ന് പറയുന്നു. ഇതെല്ലാം അസംബന്ധമാണ്. 3 തവണ വീണയെ ചോദ്യം ചെയ്തു. എന്നാല്‍ ഹവാല സംബന്ധിച്ച് ചോദ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.എനിക്ക് പറയാനുള്ളത് ഇഡിയുടേത് നല്ല സ്‌ക്രിപ്റ്റാണ്. അതെഴുതികൊടുത്തവര്‍ക്ക് ദേശീയ തലത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കൊടുക്കണം. മഞ്ഞയില വീഴുമ്പോള്‍ പച്ചില ചിരിക്കേണ്ടെന്നും റിയാസ് പറഞ്ഞു.