കസേര മുഖ്യം ബിഗിലെ... എംഎൽഎയാകാൻ സാധ്യതയുള്ളവരെ നേരിട്ട് സമീപിച്ച് നേതാക്കളുടെ ക്യാമ്പുകൾ
തിരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്കായുള്ള വടം വലി മുറുകുന്നു. ആരായിരിക്കും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. പോളിംഗ് അവസാനിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിജയിക്കാന്‍ സാധ്യതയുള്ള എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളുമായി സജീവമാണ് കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ ക്യാമ്പുകള്‍.
വിജയസാധ്യതയുള്ള എംഎല്‍എമാരെ ഒപ്പം നിര്‍ത്താനായി പ്രമുഖ നേതാക്കളുടെ ക്യാമ്പുകള്‍ ഇവരെ നേരിട്ട് സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യപ്രസ്താവനകള്‍ നല്‍കരുതെന്ന് കെപിസിസിയും എഐസിസിയും കടുത്ത നിലപാട് എടുത്തതോടെയാണ് സോഷ്യല്‍ മീഡിയയിലും മറ്റ് മീഡിയയ്ക്ക് മുന്നിലും നേതാക്കള്‍ അല്പം മയപ്പെട്ടത്. എങ്കിലും സൈബര്‍ ഇടങ്ങളില്‍ നേതാക്കളുടെ സൈബര്‍ പോരാളികള്‍ സജീവമാണ്.
ആലുവയില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹത്തെ എതിര്‍ത്തും പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ചില ഘടകകക്ഷി നേതാക്കള്‍ വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചതായാണ് വിവരം.