1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 16 year old boy died in Kozhikode

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

കൂടുതൽ ശബ്ദം കിട്ടുന്നതിനായി സ്റ്റീൽപാത്രം കൊണ്ട് മറച്ച് ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടം

Kozhikode
വിഷുദിനത്തിൽ ക്ഷേത്രപറമ്പിൽ കൂട്ടുകാർക്കൊപ്പം സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ 16 കാരനു ദാരുണാന്ത്യം. കൊയിലാണ്ടി കൊരയങ്ങാട് തെരുവ് എടക്കോടൻ വീട്ടിൽ എ.കെ. അദ്വൈത് ആണ് മരിച്ചത്. 
 
കൂടുതൽ ശബ്ദം കിട്ടുന്നതിനായി സ്റ്റീൽപാത്രം കൊണ്ട് മറച്ച് ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടം. പാത്രം തകർന്ന് സ്റ്റീൽ ചീളുകൾ അദ്വൈതിന്റെ ശരീരത്തിൽ തറച്ചുകയറി. ഇന്റർനെറ്റിൽ കണ്ട വീഡിയോ അനുകരിക്കുകയാണ് അദ്വൈത് അടക്കമുള്ള കുട്ടികൾ ചെയ്തത്. സംഭവത്തിൽ മറ്റൊരു കുട്ടിക്ക് നിസാര പരുക്കേറ്റു. ഈ കുട്ടിക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
 
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കൊയിലാണ്ടിയിലെ കൊരയങ്ങാട് ക്ഷേത്രപറമ്പിൽ മറ്റു സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. സ്റ്റീൽ പാത്രത്തിന്റെ ഭാഗം അദ്വൈതിന്റെ ശരീരത്തിലെ കക്ഷത്തിന്റെ ഭാഗത്ത് രക്തധമനിയിൽ തറച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്നുപോയതിനാൽ ജീവൻ രക്ഷിക്കാനായില്ല.
അടുത്ത ലേഖനം
നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍