അധികാര ദുര്‍വിനിയോഗം നടത്തി, പോലീസുകാരെ സമ്മര്‍ദ്ദത്തിലാക്കി എഡിജിപി അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്
കേസിലെ പ്രതികളെ നിയമനടപടികളില്‍ നിന്നും രക്ഷിക്കാനായി അജിത് കുമാര്‍ തന്റെ അധികാരം ദുര്‍വിനിയോഗം നടത്തിയെന്നാണ് കണ്ടെത്തല്‍.
രക്ഷാപ്രവര്‍ത്തനം കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍ ഉത്തരവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. കേസ് നടപടികള്‍ അവസാനിപ്പിക്കുന്ന രീതിയില്‍ റഫര്‍ റിപ്പൊര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായതായാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികളെ നിയമനടപടികളില്‍ നിന്നും രക്ഷിക്കാനായി അജിത് കുമാര്‍ തന്റെ അധികാരം ദുര്‍വിനിയോഗം നടത്തിയെന്നാണ് കണ്ടെത്തല്‍.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഇന്‍സ്‌പെക്ടര്‍ കെ പി ടോംസണ്‍, ഡിവൈഎസ്പിമാരായ അരുണ്‍ കെ എസ്, സുനില്‍ കുമാര്‍ എന്നിവര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴികളിലാണ് അജിത് കുമാറിന്റെ ഇടപെടലുകള്‍ വ്യക്തമായത്. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗങ്ങളുടെ പങ്കിനെ പറ്റിയുള്ള കണ്ടെത്തലുകളില്‍ അജിത് കുമാര്‍ അതൃപ്തി രേഖപ്പെടുത്തുകയും കേസ് അവസാനിപ്പിക്കാന്‍ നേരിട്ട് നിര്‍ദേശം നല്‍കിയെന്നുമാണ് മൊഴി.
മുഖ്യമന്ത്രിയുടെ സുരക്ഷാ- എസ്‌കോര്‍ട്ട് സംഘാംഗങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെയാണ് അജിത് കുമാര്‍ എതിര്‍ത്തത്. മുഖ്യമന്ത്രിയുടെ പിഎസ്ഒമാര്‍ക്കെതിരായ കേസ് നാളെ തന്നെ റഫര്‍ ചെയ്യണമെന്ന് എസ് പി മുഖേനയാണ് അജിത്കുമാര്‍ നിര്‍ദേശം നല്‍കിയത്. സൂപ്പര്‍ വൈസറി ഓഫീസര്‍ എന്ന നിലയിലുള്ള ഇടപെടലുകള്‍ നിയമപരമായിരിക്കണമെന്നും നീതി ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
അജിത് കുമാറിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരും ഈ അട്ടിമറി നേട്ടത്തില്‍ പങ്കാളികളായെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അജിത് കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അജിത്കുമാര്‍ സര്‍വീസില്‍ തുടരുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലയളവില്‍ നിയമപരമായ സബ്‌സിസ്റ്റന്‍സ് അലവന്‍സിന് അര്‍ഹനായിരിക്കും.