മതി, നിർത്തിക്കോ... റീൽസ് കാണൽ ഓവറായാൽ ഇനി ഇൻസ്റ്റഗ്രാം തന്നെ പറയും, പുതിയ 'സ്ക്രോൾ ലോക്ക്' ഫീച്ചർ
ആളുകളിലെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കുറയ്ക്കുന്നതിനായാണ് പുതിയ പരിഷ്‌കാരം.
ടെക്‌നോളജി ഏറെ വികസിച്ച നിലവിലെ കാലഘട്ടത്തില്‍ പ്രായഭേദമന്യേ പലര്‍ക്കുമുള്ള പ്രശ്‌നമാണ് മണിക്കൂറുകളോളം റിലുകളില്‍ സമയം ചെലവഴിക്കുന്നത്. ഡിജിറ്റല്‍ സമയത്തിന്, സ്‌ക്രീന്‍ ടൈമിന് ഇടവേളകള്‍ വേണമെന്ന ഡിജിറ്റല്‍ ഡീറ്റോക്‌സ് മുതലായ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഉപയോക്താക്കളുടെ അമിതമായ സ്‌ക്രോളിങ് നിയന്ത്രിക്കാനായി സ്‌ക്രോള്‍ ലോക്ക് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ആളുകളിലെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കുറയ്ക്കുന്നതിനായാണ് പുതിയ പരിഷ്‌കാരം.
എന്താണ് 'സ്‌ക്രോള്‍ ലോക്ക്'?
ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ തുടര്‍ച്ചയായി റീലുകളും പോസ്റ്റുകളും സ്‌ക്രോള്‍ ചെയ്യുന്നത് തനിയെ നിയന്ത്രിക്കുവാനാണ് പുതിയ സംവിധാനം. ഒരു നിശ്ചിത സമയം കഴിഞ്ഞും തുടര്‍ച്ചയായി സ്‌ക്രോളിംഗ് തുടരുകയാണെങ്കില്‍ ആപ്പ് തനിയെ സ്‌ക്രോളിംഗ് പ്രക്രിയ തടസ്സപ്പെടുത്തുകയും 'ഒരു ബ്രേക്ക് എടുക്കാന്‍' ഉപയോക്താവിനോട് ആവശ്യപ്പെടുകയും ചെയ്യും. മുന്‍പ് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ തനിയെ ടൈമര്‍ സെറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ 'സ്‌ക്രോള്‍ ലോക്ക്' ഉപയോക്താക്കളെ റീലുകളുടെ അടിമകളാക്കുന്ന 'ഡോപമിന്‍ റഷിനെ'തടയാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ്.
ദീര്‍ഘനേരത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കണ്ണിനെയും നടുവിനെയും കഴുത്തിനെയും നമ്മുടെ ദൈനംദിന കാര്യങ്ങളെ കൂടി ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ ഒരല്പം ഇടവേളയെടുക്കാനാണ് ഈ ഫീച്ചര്‍ ആവശ്യപ്പെടുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിന്ന് ആളുകള്‍ സ്വയമെടുക്കുന്ന താല്‍കാലിക ഇടവേളയാണ് ഡിജിറ്റല്‍ ഡിടോക്‌സ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.