Urvil Patel : അവസരങ്ങൾ നഷ്ടമായപ്പോഴും ബാറ്റിംഗ് ശൈലി മാറ്റരുതെന്ന് ഉർവിലിനോട് പറഞ്ഞത് അച്ഛൻ, ആ ആഘോഷം വളരെ സ്പെഷ്യലാണ്
ഗുജറാത്തിലെ മെഹ്‌സാന സ്വദേശിയായ ഉര്‍വില്‍ പട്ടേലിന്റെ ക്രിക്കറ്റ് യാത്ര അത്ര എളുപ്പമായിരുന്നില്ല. ബാല്യത്തില്‍ തന്നെ ആക്രമണാത്മക ബാറ്റിങ്ങിനോടായിരുന്നു താരത്തിന് താല്പര്യം.
ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവതാരം ഉര്‍വില്‍ പട്ടേല്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ വെറും 13 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി കുറിച്ച താരം തന്റെ അച്ഛനുള്ള ഒരു കുറിപ്പ് പുറത്തുകാണിച്ചാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. This is for you Papa' എന്ന വാക്കുകളായിരുന്നു അതില്‍ എഴുതിയിരുന്നത്. തന്നെ ക്രിക്കറ്ററാക്കാനുള്ള അച്ഛന്റെ കഠിനാദ്ധ്വാനത്തിനും ത്യാഗങ്ങള്‍ക്കുമുള്ള നന്ദി പറച്ചിലായിരുന്നു ആ നിമിഷം.
ഗുജറാത്തിലെ മെഹ്‌സാന സ്വദേശിയായ ഉര്‍വില്‍ പട്ടേലിന്റെ ക്രിക്കറ്റ് യാത്ര അത്ര എളുപ്പമായിരുന്നില്ല. ബാല്യത്തില്‍ തന്നെ ആക്രമണാത്മക ബാറ്റിങ്ങിനോടായിരുന്നു താരത്തിന് താല്പര്യം. എന്നാല്‍ താരത്തിന്റെ ഈ ശൈലി പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ കഴിവുണ്ടെന്ന് തെളിയിച്ചപ്പോഴും സ്ഥിരതയും ഉര്‍വിലിന്റെ കളിരീതി മാറ്റണമെന്ന അഭിപ്രായവും പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതേ ശൈലിയില്‍ താരത്തിന് തുടരാന്‍ പിന്തുണ നല്‍കിയത് അച്ഛനായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഉര്‍വില്‍ ഐപിഎല്ലില്‍ പലപ്പോഴും അവഗണിക്കപ്പെട്ടു. ഗുജറാത്ത് ടൈറ്റന്‍സാണ് ആദ്യമായി താരത്തെ സ്വന്തമാക്കിയതെങ്കിലും അവിടെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. പിന്നീട് വീണ്ടും ലേലത്തില്‍ പരിഗണിക്കപ്പെടാതിരുന്നത് താരത്തെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം മകന് പിന്തുണ നല്‍കിയത് പിതാവ് മുകേഷ് പട്ടേലായിരുന്നു.
ഈ പ്രതിസന്ധിയിലെല്ലാം നിന്റെ കഴിവില്‍ വിശ്വാസമുണ്ട്. നീ കളിക്കുന്ന രീതി മാറ്റരുതെന്ന് അച്ഛന്‍ പലപ്പോഴും ആവര്‍ത്തിച്ചിരുന്നതായി ഉര്‍വില്‍ തന്നെ പറയുന്നു. ചെപ്പോക്കില്‍ 204 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്കായി വെറും 23 പന്തില്‍ 65 റണ്‍സ് അടിച്ചുതകര്‍ത്ത ഉര്‍വില്‍, ആദ്യ പന്ത് മുതല്‍ തന്നെ ബൗളര്‍മാരെ കടന്നാക്രമിക്കുകയാണ് ചെയ്തത്. അര്‍ധസെഞ്ചുറി തികച്ചതും വികാരപരമായി ആ പ്രകടനം അച്ഛന് തന്നെ ഉര്‍വില്‍ ഡെഡിക്കേറ്റ് ചെയ്തു.