Sanju Samson : ഒരൊറ്റ സീസണിൽ ഡൽഹിക്കെതിരെ 202 റൺസ്!, കോലിയ്ക്കും രാഹുലിനും ഒപ്പം എലൈറ്റ് ക്ലബിൽ സഞ്ജുവും
നേരത്തെ വിരാട് കോലി, കെ എല്‍ രാഹുല്‍ മാത്രമാണ് സഞ്ജുവിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ അപരാജിത അര്‍ധസെഞ്ചുറി പ്രകടനത്തോടെ ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരേ ടീമിനെതിരെ മാത്രം 200ലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. നേരത്തെ വിരാട് കോലി, കെ എല്‍ രാഹുല്‍ മാത്രമാണ് സഞ്ജുവിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കളിച്ച 2 മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്താകാതെ 115 റണ്‍സും ഇന്നലെ നടന്ന മത്സരത്തില്‍ പുറത്താകാതെ 87 റണ്‍സുമാണ് താരം നേടിയത്. ഇതോടെ 2 മത്സരങ്ങളില്‍ നിന്ന് സഞ്ജുവിന്റെ നേട്ടം 202 റണ്‍സായി. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ 2 മത്സരങ്ങളില്‍ നിന്ന് കോലി 209 റണ്‍സ് നേടിയിരുന്നു. 100 നോട്ടൗട്ട്, 109 റണ്‍സ് എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. 2022ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താകാതെ രണ്ട് 103 റണ്‍സ് പ്രകടനങ്ങളാണ് കെ എല്‍ രാഹുല്‍ നടത്തിയത്.
സീസണിലെ ആദ്യ 3 മത്സരങ്ങളില്‍ വെറും 22 റണ്‍സ് മാത്രം നേടിയിരുന്ന സഞ്ജു പിന്നീട് വന്ന 10 മത്സരങ്ങളില്‍ നിന്ന് റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സുമായി സഞ്ജു ഐപിഎല്‍ റണ്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഐപിഎല്ലില്‍ ഇത് അഞ്ചാം തവണയാണ് സഞ്ജു ഒരു സീസണില്‍ 400ന് മുകളില്‍ റണ്‍സ് നേടുന്നത്.