1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Urvil Patel sensational knock against LSG secures 2 points for CSK

Urvil Patel : വന്നാൽ റൺസടിക്കണം, 'നോ നോൺസെൻസ്': ചെന്നൈയെ ടോപ് ഗിയറിലെത്തിച്ച ഉർവിൽ പട്ടേൽ എഞ്ചിൻ

നോ നോണ്‍സെന്‍സ് അതാണ് ഉര്‍വില്‍ പട്ടേലിന്റെ ബാറ്റിംഗ് ശൈലി.

CSK vs LSG, Urvil Patel,Josh English, IPL Playoffs
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ 9 പന്തില്‍ 17 റണ്‍സാണ് ഉര്‍വില്‍ പട്ടേല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി നേടിയത്. പവര്‍ പ്ലേയില്‍ ബാറ്റിങ്ങിനെത്തിയ താരം ഒരു ചെറിയ കാമിയോ ഇന്നിങ്ങ്‌സ് കളിച്ച് മടങ്ങുമ്പോള്‍ കമന്ററിയില്‍ ഉയര്‍ന്നുകേട്ട ഒരു പ്രയോഗമുണ്ട്. നോ നോണ്‍സെന്‍സ്, വെറുതെ ക്രീസില്‍ നിന്ന് തുഴയാന്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. ഇന്നലെ ലഖ്‌നൗവിനെതിരെ ഉര്‍വില്‍ പട്ടേല്‍ തകര്‍ത്തടിക്കുമ്പോഴും പറയാനുള്ളത് ഒരൊറ്റ വാചകം മാത്രമാണ്. നോ നോണ്‍സെന്‍സ് അതാണ് ഉര്‍വില്‍ പട്ടേലിന്റെ ബാറ്റിംഗ് ശൈലി.
 
 ടി20 ക്രിക്കറ്റില്‍ വമ്പന്‍ സ്‌കോറൊന്നുമല്ലെങ്കിലും ലഖ്‌നൗ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുമ്പോള്‍ 2019ന് ശേഷം 180ന് മുകളിലുള്ള സ്‌കോറുകളൊന്നും ചെയ്‌സ് ചെയ്തിട്ടില്ല എന്നൊരു നാണക്കേട് ചെന്നൈയുടെ പേരിലുണ്ടായിരുന്നു. സഞ്ജു സാംസണ് 14 പന്തില്‍ 28 റണ്‍സുമായി മടങ്ങിയപ്പോള്‍ ഒരു തകര്‍ച്ചയുണ്ടാകരുതെ എന്നായിരിക്കും പല ചെന്നൈ ആരാധകരും കരുതിയത് എന്നാല്‍ ഉര്‍വില്‍ പട്ടേലിന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു. ഒരു സിംഗിള്‍ നേടി തുടങ്ങിയ ഉര്‍വില്‍ പട്ടേല്‍ പിന്നീട് ക്രീസില്‍ തീര്‍ത്തത് താണ്ഡവം തന്നെയായിരുന്നു.
 
 6,6,6,6,6,4,6,1,0 പത്ത് പന്തില്‍ നിന്നും 42 റണ്‍സ്. 13 പന്തില്‍ ഐപിഎല്ലിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ധസെഞ്ചുറികളുടെ പട്ടികയില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം. 23 പന്തില്‍ 8 കൂറ്റന്‍ സിക്‌സും 2 ഫോറും അടിച്ച് 65 റണ്‍സ് നേടി മടങ്ങുമ്പോള്‍ ഉര്‍വില്‍ മത്സരം ചെന്നൈയുടെ കൈകളില്‍ എത്തിച്ചിരുന്നു. നേരിട്ട ആദ്യ 8 പന്തില്‍ 6 സിക്‌സറാണ് താരം പറത്തിയത്. ഒരു ഘട്ടത്തില്‍ 8 പന്തില്‍ 41 റണ്‍സെടുത്ത ഉര്‍വിലിന് മുന്നില്‍ 12 പന്തില്‍ 50 എന്ന യുവരാജ് സിങ്ങിന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ക്കാനുള്ള അവസരമുണ്ടായിരുന്നു.
 
 വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ കൈകൂപ്പി പ്രാര്‍ഥിച്ച ശേഷം ഒരു ചെറിയ പേപ്പര്‍ ഉയര്‍ത്തി കാണിച്ചാണ് ഉര്‍വില്‍ തന്റെ പ്രകടനം ആഘോഷിച്ചത്. അച്ഛന് വേണ്ടി എന്ന് ഇംഗ്ലീഷിലും അതിന് താഴെ ഗുജറാത്തിയിലും കുറിച്ച ഒരു പേപ്പര്‍ കഷ്ണമായിരുന്നു അത്. ഉര്‍വില്‍ കത്തികയറിയതോടെ ചെന്ന ടോപ് ഗിയറില്‍ കയറി. പവര്‍പ്ലേയില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. ഉര്‍വില്‍ മടങ്ങുമ്പോള്‍ 126 റണ്‍സ് ചെന്നൈ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. 
 
ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനായി കളിക്കുന്ന താരം ആഭ്യന്തര ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരെ 28 പന്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു ഈ പ്രകടനം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒരു നല്ല മനുഷ്യനെ താഴെ വീഴ്ത്താനാകില്ല, കിറോൺ പൊള്ളാർഡിനൊപ്പമുള്ള മുംബൈയിലെ നാളുകളെ പറ്റി വികാരാധീനനായി ക്രുണാൽ പാണ്ഡ്യ