ഹോര്‍മുസ് വഴിയുള്ള ഷിപ്പിംഗ് നിര്‍ത്തിയിട്ടില്ല; ഇറാന്‍ ഓരോ കപ്പലിനും 2 മില്യണ്‍ ഡോളര്‍ ചുമത്തുന്നു
ടെഹ്റാന്‍: ലോകത്തിലെ എണ്ണ, എല്‍എന്‍ജി വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടില്ല. എന്നാല്‍ അതിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ 2 മില്യണ്‍ ഡോളര്‍ ഫീസ് ചുമത്തിയതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ സുരക്ഷാ സമിതി അംഗമായ അലാഇദ്ദീന്‍ ബോറൂജെര്‍ഡിയാണ് ഇക്കാര്യം അറിയിച്ചത്. കടലിടുക്കില്‍ ഇറാന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് ഫീസ് ചുമത്തുന്നത്.
കടലിടുക്ക് അടച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍, അമേരിക്ക, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രമേ നിയന്ത്രണം ഏര്‍പ്പെടുത്തൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങള്‍ നശിപ്പിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ജാപ്പനീസ് എണ്ണ വിതരണ കപ്പലുകള്‍ ഒരു പ്രശ്‌നവുമില്ലാതെ കടലിടുക്കിലൂടെ കടന്നുപോയതായി ജാപ്പനീസ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുമായി ബന്ധപ്പെട്ട മിഡില്‍ ഈസ്റ്റിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ നശിപ്പിക്കുമെന്നും മേഖലയിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നും അമേരിക്കന്‍ ഭീഷണിക്ക് മറുപടിയായി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
